സിക്കിമിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 16 സൈനികർ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: വടക്കൻ സിക്കിമിൽ പർവത പാതയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളിയടക്കം 16 കരസേനാംഗങ്ങൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സേമയിലുണ്ടായ അപകടത്തിൽ മൂന്നു ജൂനിയർ കമീഷൻഡ് ഓഫിസർമാരും 13 സൈനികരും കൊല്ലപ്പെട്ടതായി കരസേന വൃത്തങ്ങൾ ന്യൂഡൽഹിയിൽ അറിയിച്ചു. പാലക്കാട് മാത്തൂർ ചെങ്ങണിയൂർകാവ് വൈശാഖാണ് (27) മരിച്ച മലയാളി. പരിക്കേറ്റ നാലു സൈനികരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്കു മാറ്റി.
മൂന്നു വാഹനങ്ങളടങ്ങിയ കോൺവോയിയിലെ ഒരു ട്രക്ക് ചെങ്കുത്തായ പാതയിൽ തെന്നി നീങ്ങി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്ന് സേന പറഞ്ഞു. ചാറ്റനിൽനിന്ന് താങ്ഗുവിലേക്ക് പോവുകയായിരുന്നു വാഹനവ്യൂഹം. ‘‘സെമയിൽ കുത്തനെയുള്ള കയറ്റവും വളവുമുള്ള ഭാഗത്ത് തെന്നിയ വാഹനം താഴ്ചയിലേക്ക് വീഴുകയായിരുന്നു.’’ -പ്രതിരോധ മന്ത്രാലയ പൊതുജന സമ്പർക്ക വിഭാഗം ഉദ്യോഗസ്ഥൻ ലഫ്. കേണൽ മഹേന്ദ്ര റാവത്ത് പ്രസ്താവനയിൽ പറഞ്ഞു. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പരിക്കേറ്റവരെ വ്യോമമാർഗം ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ‘‘നിർഭാഗ്യവശാൽ മൂന്നു ജൂനിയർ കമീഷൻഡ് ഓഫിസർമാരും 13 സൈനികരും മരണത്തിനു കീഴടങ്ങി’’ -പ്രസ്താവനയിൽ പറയുന്നു.
ദുരന്തത്തിൽപെട്ടവരുടെ കുടുംബത്തിനൊപ്പം ഇന്ത്യൻ സേനയുണ്ടെന്നും ലഫ്റ്റനന്റ് റാവത്ത് കൂട്ടിച്ചേർത്തു. സൈനികരുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കുടുംബങ്ങളെ ആശ്വസിപ്പിച്ചു. ‘‘ഇന്ത്യൻ സൈനികരുടെ വിയോഗം വേദനിപ്പിക്കുന്നു. സൈനികരുടെ സേവനത്തിനും പ്രതിബദ്ധതയിലും രാജ്യമെന്നും കടപ്പെട്ടിരിക്കും.’’ -മന്ത്രി ട്വിറ്ററിൽ കുറിച്ചു. സൈനികരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.