16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ
text_fieldsചെന്നൈ: തിരുവള്ളുർ നഗരസഭ പരിധിയിൽ 16 തെരുവുനായ്ക്കളെ വിഷം നൽകി കൊന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.എസ്.പി തിരുവള്ളൂർ ജില്ല ഭാരവാഹിയായ വെട്രിവേന്ദൻ(43) ആണ് പ്രതി. ഇയാൾ വളർത്തുന്ന കോഴികളെയും പ്രാവുകളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നതിൽ പ്രകോപിതനായാണ് പ്രതി കൃത്യം നടത്തിയത്.
സെപ്റ്റംബർ മാസത്തിലെ ആദ്യവാരം മുതലാണ് തിരുവള്ളൂർ നഗരസഭയിലെ എ.എസ്.പി നഗർ, ജെ.ആർ.നഗർ, സെന്തിൽനഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷണത്തിൽ വിഷം കലർത്തി തെരുവുനായ്ക്കളെ കൊന്നത്. ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഒച്ചപ്പാടായത്.
പിന്നീട് വിഷം നൽകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഭാരതീയ ന്യായ് സൻഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 325, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ (1960) സെക്ഷൻ 11(1)(എൽ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ പേരിൽ നിലവിൽ ഒരു കൊലപാതക കേസുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.