16.31 ലക്ഷം രൂപയുടെ തട്ടിപ്പ്; രണ്ട് പേരെ മുംബൈ ക്രൈംബ്രാഞ്ച് വെസ്റ്റ് റീജിയൻ സൈബർ സെൽ അറസ്റ്റ് ചെയ്തു
text_fieldsമുംബൈ: ഓഹരി ഇടപാടിൻ്റെ മറവിൽ വ്യവസായിയിൽ നിന്ന് 16.31 ലക്ഷം രൂപ തട്ടിയെടുത്തതിന് മധ്യപ്രദേശിൽ നിന്നുള്ള രണ്ട് പേരെ മുംബൈ ക്രൈംബ്രാഞ്ചിൻ്റെ വെസ്റ്റ് റീജിയൻ സൈബർ സെൽ അറസ്റ്റ് ചെയ്തു. ദീപക് ജാതവ് (29), വിനീത് ബഹേതി (34) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ബി ഫാർമ ബിരുദധാരികളും ഒരുമിച്ച് ഫാർമസി ബിസിനസ് നടത്തുന്നവരുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഒരു ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന എം.ബി.എ ബിരുദധാരിയാണ് പരാതി നൽകിയത്. ഇൻസ്റ്റാഗ്രാം ബ്രൗസ് ചെയ്യുമ്പോൾ ഷെയർ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കുന്ന പരസ്യത്തിൻ്റെ ലിങ്ക് കണ്ടതായി പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്ക് ചേർത്തു. ഇതിനകം നിരവധി ആളുകൾ ആ ഗ്രൂപ്പിൽ ഉണ്ടായതായി പരാതിക്കാരൻ മൊഴി നൽകി. അവർ ഷെയർ ട്രേഡിംഗിലൂടെ ലാഭം നേടുന്നതിനെക്കുറിച്ച് സംസാരിച്ചതിന് ശേഷമാണ് താനും 16.31 ലക്ഷം രൂപ നിക്ഷേപിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി. എന്നാൽ തട്ടിപ്പ് മനസിലാക്കി പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ ഒന്നിലധികം അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സൈബർ സെൽ ഉടൻ നടപടിയെടുക്കുകയും 11 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഇതിൽ പങ്കാളി ആയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.