ഏഴുവർഷത്തിനിടെ നഷ്ടമായത് 16.45 ലക്ഷം തൊഴിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് അസംഘടിത മേഖലയിൽ ഏഴുവർഷത്തിനിടെ 16.45 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി കേന്ദ്ര സ്ഥിതിവിവരണ കണക്ക് മന്ത്രാലയം പുറത്തിറക്കിയ ‘അൺ ഇൻകോർപറേറ്റഡ് സെക്റ്റർ എന്റർപ്രൈസസ്’ (എ.എസ്.യു.എസ്.ഇ) വാർഷിക സർവേ കണക്കുകൾ പറയുന്നു. ചെറുകിട വ്യാപാരം, വഴിയോര കച്ചവടം തുടങ്ങിയ മേഖലകളിലാണ് വലിയ തോതിൽ തൊഴിൽ നഷ്ടമുണ്ടായിട്ടുള്ളതെന്നും സർവേ ചൂണ്ടിക്കാട്ടി.
2015-2016 വർഷത്തിൽ 1.6 ശതമാനമായിരുന്നു രാജ്യത്തെ തൊഴിൽരഹിതരുടെ കണക്കെങ്കിൽ 2022-2023 ൽ തൊഴിൽരഹിതരുടെ എണ്ണം 10.96 ശതമാനമായി ഉയർന്നു. നോട്ട് നിരോധനം, കോവിഡ് പ്രതിസന്ധി, ചരക്കുസേവന നികുതി (ജി.എസ്.ടി) പരിഷ്കരണം എന്നീ മൂന്ന് കാരണങ്ങളാണ് ഇത്രയധികം പേർക്ക് തൊഴിൽ നഷ്ടമാകാനുള്ള പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളത്തിൽ 6.40 ലക്ഷം പേർക്കാണ് ഏഴുവർഷത്തിനിടെ തൊഴിൽ നഷ്ടമായത്. തൊഴിൽ നഷ്ടത്തിൽ പഞ്ചിമബംഗാളാണ് മുന്നിൽ. 30 ലക്ഷം പേർക്ക് ജോലി നഷ്ടമായി. കർണാടകയിൽ 13ലക്ഷം പേർക്കും തമിഴ്നാട്ടിൽ 12 ലക്ഷം പേർക്കും ഉത്തർപ്രദേശിൽ 7.91 ലക്ഷം പേർക്കും ജോലിനഷ്ടമുണ്ടായി. ആന്ധ്രപ്രദേശ് (6,77,000), അസം (4,94,000), തെലങ്കാന (3,44,000) എന്നിങ്ങനെയാണ് തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയിലാണ് (മൂന്ന് ലക്ഷം) ഏറ്റവുമധികം പേർക്ക് തൊഴിൽ നഷ്ടമായത്. ചണ്ഡിഗഢിൽ 51,000 പേർക്കും പുതുച്ചേരിയിൽ 32,000 പേർക്കുമാണ് തൊഴിൽ നഷ്ടം. അതേസമയം, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജോലിവർധനയുണ്ടായി. മഹാരാഷ്ട്രയിൽ 24 ലക്ഷം, ഗുജറാത്തിൽ 7.62 ലക്ഷം, ഒഡിഷയിൽ 7.61 ലക്ഷം, രാജസ്ഥാൻ 7.65 ലക്ഷം എന്നിങ്ങനെ തൊഴിൽവർധനയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.