പ്രണയദിനത്തിൽ വ്യാപക അക്രമം; ഭക്ഷണശാല തകർത്തു, ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsഭോപാൽ: വാലൈന്റൻസ് ദിനത്തിൽ തുറന്നുപ്രവർത്തിച്ചതിന് ഭോപാലിൽ ഭക്ഷണശാല തകർത്തു. ശിവസേന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ഭോപാലിൽ അരേര കോളനിയിലെ ഭക്ഷണശാലയിലെത്തിയ സംഘം അവിടത്തെ കസേരയും പ്ലേറ്റുകളും മറ്റു ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
പ്രണയദിനത്തിൽ ഭോപാലിൽ അരങ്ങേറിയ മറ്റൊരു ആക്രമണത്തിൽ മുൻ ബി.ജെ.പി എം.എൽ.എ അറസ്റ്റിലായതായി പി.ടി.ഐ റിേപ്പാർട്ട് ചെയ്തു. നഗരത്തിൽ നടന്ന രണ്ടു ആക്രമണങ്ങളിലുമായി 17ഓളം പേരാണ് ഇതുവരെ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
ഹുക്ക ബാറുകൾ യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞായിരുന്നു മുൻ ബി.ജെ.പി എം.എൽ.എയായ സുരേന്ദ്ര നാഥ് സിങ്ങിന്‍റെ നേതൃത്വത്തിൽ ആക്രമണം.
'ഹുക്ക ബാറുകളിലുടെ യുവജനങ്ങളെ മയക്കുമരുന്നിന് അടിമയാക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി സുരേന്ദ്രനാഥിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തിയിരുന്നു. ചില യുവാക്കൾ നിരാശയും കോപവും മൂലം വസ്തുക്കൾക്ക് നാശനഷ്ടം വരുത്തി. ഹുക്ക ബാറുകൾ അടച്ചില്ലെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കും' -ബി.ജെ.പിയുടെ യുവജന വിഭാഗം നേതാവ് അമിത് റാത്തോർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കലാപ ശ്രമത്തിനും മറ്റു കുറ്റങ്ങൾക്കുമായി ബി.ജെ.പി നേതാവ് സുരേന്ദ്രനാഥ് സിങ്ങിനെയും മറ്റു ആറുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് ഇൻസ്പെക്ടർ തരുൺ ഭാട്ടി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
റസ്റ്ററന്‍റ് തകർത്ത കേസിൽ ശിവസേന പ്രവർത്തകരായ പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്. കലാപശ്രമത്തിനൊപ്പം മറ്റു വകുപ്പുകൾ കൂടി ചുമത്തിയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.