''നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിന് കയറ്റിയയച്ചു?'' മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ച 15 പേർ ഡൽഹിയിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധം, വാക്സിൻ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ വീഴ്ച തുറന്നുകാട്ടി പോസ്റ്റർ പതിച്ചതിന് ഡൽഹിയിൽ 15 പേർ അറസ്റ്റിൽ.
'നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തുകൊണ്ട് വിദേശരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു?' തുടങ്ങിയ ചോദ്യങ്ങളാണ് ഡൽഹിയിൽ പല ഭാഗങ്ങളിലായി പതിച്ച പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ചിലർ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് തിരക്കിട്ടു പ്രവർത്തിച്ചു. 17 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ 15 പേരെ അറസ്റ്റ് ചെയ്തു.
നിയമ വ്യവസ്ഥയെ അനാദരിച്ചതിനും പൊതുസ്ഥലം വൃത്തികേടാക്കിയതിനും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വ്യവസ്ഥകൾ പ്രകാരമാണ് കേസെടുത്തത്. ആരൊക്കെയാണ് പോസ്റ്റർ ഇറക്കിയതിനു പിന്നിൽ പ്രവർത്തിച്ചതെന്ന അന്വേഷണത്തിലാണ ്ഡൽഹി പൊലീസ്. അതനുസരിച്ച് കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് വിശദീകരിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിൽനിന്നാണ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പശ്ചിമ ഡൽഹി, സെൻട്രൽ ഡൽഹി തുടങ്ങിയ മേഖലകളിൽ നിന്നാണ് മറ്റ് അറസ്റ്റുകൾ.
500 രൂപ പ്രതിഫലമായി കിട്ടിയേപ്പാൾ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങുകയായിരുന്നു എന്നാണ് വടക്കൻ ഡൽഹിയിൽ അറസ്റ്റിലായ ഒരാൾ പൊലീസിനോട് പറഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുള്ള വിപുല അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.