റാവത്ത് ഇനി ജ്വലിക്കുന്ന ഓർമ്മ; രാജ്യം വിട നൽകി
text_fieldsന്യൂഡൽഹി: കുന്നൂരിൽ വ്യോമസേന ഹെലികോപ്ടർ തകർന്ന് മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും ഭാര്യ മധുലികക്കും വികാരനിർഭരമായ വിട. ഡൽഹി കേന്റാൺമെൻറിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ മൃതദേഹങ്ങൾ സംസ്കരിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിൽ, മുതിർന്ന സേനാ മേധാവിക്ക് ബ്യൂഗിൾ മുഴക്കി സല്യൂട്ട് നൽകി സൈന്യം വിടചൊല്ലി. സേനയുടെ ആദരം പ്രകടമാക്കി 17 പീരങ്കി വെടികൾ മുഴങ്ങിയ സായാഹ്നത്തിൽ പെൺമക്കളായ കൃതികയും തരിണിയും ചേർന്നാണ് മാതാപിതാക്കളുടെ ചിതക്ക് തീ കൊളുത്തിയത്. കര, നാവിക, വ്യോമസേനകളിൽ നിന്നായി 800ൽപരം സൈനികർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.
ഔദ്യോഗിക വസതിയിൽ രാവിലെ പൊതുദർശനത്തിനുവെച്ച മൃതദേഹങ്ങൾ ഉച്ചക്കു ശേഷമാണ് പുഷ്പാലംകൃത സൈനിക വാഹനത്തിൽ വിലാപയാത്രയായി ഡൽഹി കേന്റാൺമെൻറിലേക്ക് എത്തിച്ചത്. കിലോമീറ്ററുകൾ നീണ്ട അന്ത്യയാത്രയെ ദേശീയ പതാകയേന്തി അനുഗമിച്ചത് ആയിരങ്ങൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്നു സേനാ വിഭാഗങ്ങളുടെയും മേധാവികൾ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സന്നിഹിതരായിരുന്നു. തമിഴ്നാട്ടിൽനിന്ന് വ്യാഴാഴ്ച രാത്രി ഡൽഹിയിലെത്തിച്ച മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് സൈനിക മോർച്ചറിയിൽനിന്ന് ഔദ്യോഗിക വസതിയിലെത്തിച്ചത്.
ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം കേന്ദ്രമന്ത്രിമാർ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻപ്രതിരോധ മന്ത്രി എ.കെ. ആൻറണി, എം.പിമാർ, സൈനിക പ്രമുഖർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ ഔദ്യോഗിക വസതിയിലെത്തി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ സ്വദേശിയാണ് ബിപിൻ റാവത്. സംസ്കാര ചടങ്ങിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പി.എസ്. ധാമിയും എത്തിയിരുന്നു.
ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ് സൈനിക കമാൻഡർമാർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. യു.എസ്., ചൈന, യു.കെ, ഫ്രാൻസ്, ജപ്പാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.