മണിപ്പൂരിൽ വീണ്ടും സംഘർഷം; 17 പേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: മണിപ്പൂരിലെ ബിഷ്ണാപൂർ ജില്ലയിൽ വീണ്ടും സംഘർഷമുണ്ടായതായി റിപ്പോർട്ട്. മെയ്തേയി വിഭാഗവും സുരക്ഷാസേനയും തമ്മിലാണ് സംഘർഷമുണ്ടായത്. സുരക്ഷാസേന കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് വാർത്തകൾ. 17ഓളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിൽ കർഫ്യുവിന് നൽകിയിരുന്ന ഇളവ് പിൻവലിച്ചു. നേരത്തെ മണിപ്പൂരിൽ കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ ശവസംസ്കാരം ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. മെയ്തെയ് വിഭാഗത്തിന്റെ ഹരജിയിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്.
അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതിനിധികൾ തങ്ങളുമായി നടത്തിയ മാരത്തോൺ ചർച്ചയെ തുടർന്ന് ശവസംസ്കാര ചടങ്ങുകൾ മാറ്റിവെക്കാൻ തീരുമാനിച്ചതായി കുക്കി നേതാക്കൾ അറിയിച്ചു. ‘ഞങ്ങൾ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ 4 മണി വരെ മാരത്തൺ ചർച്ച നടത്തിയിരുന്നു. സംസ്‌കാരം അഞ്ച് ദിവസം കൂടി വൈകിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞങ്ങളോട് അഭ്യർത്ഥിച്ചു. മുൻ നിശ്ചയിച്ച അതേ സ്ഥലത്ത് അടക്കം ചെയ്യാൻ അനുവദിക്കുക, ശ്മശാനത്തിനായി സർക്കാർ ഭൂമി നിയമവിധേയമാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങളിൽ ഞങ്ങൾക്ക് രേഖാമൂലമുള്ള ഉറപ്പ് നൽകിയാൽ അഭ്യർത്ഥന മാനിക്കാമെന്ന് അറിയിച്ചു. മിസോറാം മുഖ്യമന്ത്രിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്’ -കുക്കി ആദിവാസി സംഘടനയായ ഐ.ടി.എൽ.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിൽ മൂന്ന് മാസമായി സൂക്ഷിച്ചിരുന്ന 35 മൃതദേഹങ്ങൾ ഇന്ന് രാവിലെ 11 മണിക്ക് സംസ്കാരം നടത്താനായിരുന്നു കുകി സംഘടനകൾ തീരുമാനിച്ചത്. മെയ്തെയ് വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ - ബിഷ്ണുപൂർ അതിർത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.