പിതാവിനെ കൊന്ന് ടി.വി സീരിയൽ മാതൃകയിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച 17കാരൻ അറസ്റ്റിൽ
text_fieldsമഥുര: പിതാവിനെ കൊലപ്പെടുത്തിയ 17കാരൻ ടി.വി സീരിയലിലെ പോലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ്. കൊലപാതക കേസിൽ അറസ്റ്റിലായ 12ാം ക്ലാസ് വിദ്യാർഥിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ടി.വി പരമ്പര വിദ്യാർഥി 100 തവണ കണ്ടതായും പൊലീസ് പറഞ്ഞു.
മേയ് രണ്ടിന് ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. മനോജ് മിശ്രയെ (42) ഇരുമ്പുവടി കൊണ്ട് തലക്കടിച്ചാണ് മകൻ കൊലപ്പെടുത്തിയത്. അടിയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട മിശ്രയുടെ കഴുത്തിൽ തുണി ഉപയോഗിച്ച്
ഞെരിച്ചാണ് മരണം ഉറപ്പാക്കിയത്.
അന്ന് രാത്രി അമ്മയുടെ സഹായത്തോടെ മൃതദേഹം അഞ്ചു കിലോമീറ്റർ അകലെയുള്ള വനത്തിലേക്ക് കൊണ്ടുപോയി പെട്രോളും ടോയ്‌ലറ്റ് ക്ലീനറും ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. മേയ് മൂന്നിന് ഭാഗികമായി പൊള്ളലേറ്റതും തിരിച്ചറിയപ്പെടാത്തതുമായ മൃതദേഹം പൊലീസ് കണ്ടെത്തി.
എന്നാൽ, മൂന്നാഴ്ച കഴിഞ്ഞിട്ടും ആളെ കാണാനില്ലെന്ന ഒരു പരാതിയും പൊലീസിന് ലഭിച്ചിരുന്നില്ല. മനോജ് മിശ്ര പണപ്പിരിവുകാരനായി ജോലി ചെയ്തിരുന്ന ഇസ്‌കോൺ എന്ന സ്ഥാപനത്തിലെ സഹപ്രവർത്തകരുടെ സമ്മർദത്തെ തുടർന്ന് കുടുംബം മെയ് 27ന് പൊലീസിൽ പരാതി നൽകി.
മിശ്രയുടെ കണ്ണട പരിശോധിച്ച സഹപ്രവർത്തകരാണ് മൃതദേഹം അദ്ദേഹത്തിന്‍റേതെന്ന് തിരിച്ചറിഞ്ഞത്. ഭഗവദ്ഗീത പ്രഭാഷണത്തിന് പോകുന്ന ആളായതിനാലാണ് മിശ്രയുടെ അഭാവത്തിൽ സംശയം ഉണ്ടാവാതിരുന്നതെന്ന് സഹപ്രവർത്തകർ മൊഴി നൽകുകയും ചെയ്തു.
സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മിശ്രയുടെ മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. വിദ്യാർഥിയെയും മാതാവ് സംഗീത മിശ്ര (39)യെയും കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മനോജ്-സംഗീത ദമ്പതികളുടെ 11കാരിയായ മകളെ മുത്തച്ഛനും മുത്തശ്ശിക്കും കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.