യു.പിയിൽ പച്ചക്കറി വിറ്റ 17കാരനെ പൊലീസ് അടിച്ചുകൊന്നു
text_fields
ലഖ്‌നോ: ഉത്തർപ്രദേശിൽ പച്ചക്കറി കച്ചവടക്കാരനായ 17 വയസ്സുള്ള കൗമാരക്കാരനെ പൊലീസ് അടിച്ചുകൊന്നു. ഉന്നാവോ ജില്ലയിലെ ബംഗർമൗ പട്ടണത്തിലാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ക്രൂരമായ മർദനം അഴിച്ചുവിട്ടത്.
വീടിന് സമീപമുള്ള ചന്തയിൽ വെള്ളിയാഴ്ച പച്ചക്കറി വിൽപ്പന നടത്തുകയായിരുന്ന ഫൈസൽ ഹുസൈൻ (17) ആണ് പൊലീസിന്‍റെ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയായത്. ശരീരമാസകലം ഗുരുതര പരിക്കേറ്റ ഫൈസൽ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ബന്ധുവിന്‍റെ പരാതിയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തൂ. സംഭവത്തിൽ ഉൾപ്പെട്ട കോൺസ്റ്റബിൾ വിജയ് ചൗധരിയെ സസ്‌പെൻഡ് ചെയ്തതായും ഹോംഗാർഡ് സത്യപ്രകാശിനെ പിരിച്ചുവിട്ടതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് എതിരെ അച്ചടക്കനടപടിക്ക് ശുപാർശ ചെയ്തതായും പൊലീസ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനാൽ ഇപ്പോൾ ഭാഗിക കർഫ്യൂ നിലനിൽക്കുന്നുണ്ട്. എന്നാൽ, അവശ്യവസ്തുക്കളുടെ കച്ചവടത്തിന് നിയന്ത്രണം ബാധകമല്ല.
''ചന്തയിൽ പച്ചക്കറി വിൽക്കുന്നതിനിടെയാണ് അവനെ പൊലീസ് കൊണ്ടുപോയത്. വഴിയിലുടനീളം അവനെ മർദിച്ചു. പൊലീസ് സ്റ്റേഷനിലും മർദനം തുടർന്നതോടെ ഫൈസൽ കൊല്ലപ്പെട്ടു. ഇതോടെ അവനെ ആശുപത്രിയിൽ ഉപേക്ഷിച്ച് പൊലീസുകാർ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് നേതൃത്വം കൊടുത്ത പൊലീസുകാർക്കെതിരെ ഐപിസി വകുപ്പ് പ്രകാരം നടപടിയെടുക്കണം. ആ പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും നടപടി നേരിടണം… " കൊല്ലപ്പെട്ട ഫൈസലിന്‍റെ ബന്ധു സൽമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു,
'മകനെ പൊലീസുകാർ മർദിക്കുന്നതായി ചന്തയിലെ മറ്റൊരു കച്ചവടക്കാരനാണ് എന്നെ ഫോണിൽ അറിയിച്ചത്. ഞാൻ അവിടെ എത്തിയപ്പോഴേക്കും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഞങ്ങൾ എത്തുേമ്പാൾ മകെന്റ ചലനമറ്റ ശരീരമാണ് കണ്ടത്"ഫൈസലിന്‍റെ പിതാവ് മുഹമ്മദ് ഇസ്ലാം പറഞ്ഞു.
പൊലീസ് അതിക്രമത്തിൽ പ്രകോപിതരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.