വോട്ടർ ഐ.ഡി കാർഡിന് അപേക്ഷിക്കാൻ ഇനി 18 വയസ്സ് പൂർത്തിയാകേണ്ട
text_fieldsന്യൂഡൽഹി: വോട്ടർ ഐ.ഡി കാർഡിന് അപേക്ഷിക്കാൻ ഇനി 18 വയസ്സ് പൂർത്തിയാകണമെന്നില്ല. 17 വയസ്സ് കഴിഞ്ഞ ആർക്കും മുൻകൂട്ടി വോട്ടർ ഐ.ഡി കാർഡിന് അപേക്ഷിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷിക്കാമെന്നും ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നതിനുള്ള മാനദണ്ഡത്തിന് കാത്തിരിക്കേണ്ടതില്ലെന്നും കമീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. ജനുവരി ഒന്നിനു പുറമെ, വർഷത്തിൽ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ മൂന്ന് യോഗ്യത തീയതികളും മാനദണ്ഡമാക്കാമെന്നും മുൻകൂറായി അപേക്ഷിക്കുന്നതിന് പ്രാപ്തമാക്കുന്ന സാങ്കേതിക പരിഹാരം കാണണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫിസർമാർക്കും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമീഷണർ അനൂപ് ചന്ദ്രയും നിർദേശം നൽകി.
ജനുവരി ഒന്നിന് വോട്ടർപട്ടിക പുതുക്കുന്നതിനാൽ, 18 വയസ്സ് പൂർത്തിയാക്കിയ ധാരാളം യുവാക്കൾക്ക് എൻറോൾമെന്റിനായി അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു. ഇവർക്ക് തെരഞ്ഞെടുപ്പ് പങ്കാളിത്തം നഷ്ടമാകുന്നതായും കമീഷൻ വിലയിരുത്തി. പുതിയ പരിഷ്കരണം കൂടുതൽ യുവാക്കളെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രോത്സാഹിപ്പിക്കും.
ഈ വർഷം 18നും 19നും ഇടയിൽ പ്രായമുള്ള 17 ലക്ഷം പേർ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 14.5 ലക്ഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.