വോട്ടുകണക്കിൽ ഒളിച്ചുകളി; കണ്ണുകളെല്ലാം ‘17 സി’ ഫോറത്തിലേക്ക്
text_fieldsന്യൂഡൽഹി: വോട്ടു കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഓരോ മണ്ഡലത്തിലും ചെയ്ത വോട്ടുകളുടെ എണ്ണം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന ഒളിച്ചുകളി വിവാദമാകുമ്പോൾ എല്ലാ കണ്ണുകളും ‘17 സി’ ഫോറത്തിലേക്ക്. വോട്ടുയന്ത്രത്തിൽ കാണിച്ച വോട്ടിൽ സംശയങ്ങളുണ്ടായാൽ അത് തീർക്കാനായി കോടികൾ മുടക്കി സ്ഥാപിച്ച വിവിപാറ്റുകൾ എണ്ണാൻ ഒരുക്കമല്ലെന്ന് കമീഷൻ നിലപാട് എടുത്തതോടെയാണ് എല്ലാ മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വോട്ടുയന്ത്രത്തിലെ കണക്കുമായി ഒത്തുനോക്കാനുള്ള 17 സി ഫോറത്തിലെ വിവരം പുറത്തുവിടണമെന്ന ആവശ്യമുയർന്നത്. എന്നാൽ, വിവിധ മണ്ഡലങ്ങളിൽ പ്രസ്തുത ഫോറത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ആഴ്ചകളായിട്ടും വെളിപ്പെടുത്താത്ത കമീഷന്റെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇതിനിടയിൽ ഈ ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും.
കൂടിയത് 1.07 കോടി വോട്ടുകൾ
ആദ്യ നാലുഘട്ടത്തിലെ പോളിങ് കണക്ക് തിരുത്തി കമീഷൻ പുതിയ കണക്ക് പുറത്തുവിട്ടപ്പോൾ 1.07 കോടി വോട്ടുകളുടെ വർധനവുണ്ടായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പുറത്തുവിട്ട കണക്കിലും കൂടുതൽ വോട്ടുകൾ എണ്ണിയപ്പോൾ കിട്ടിയത് വലിയ വിവാദമായിരുന്നു. അതിന് മറുപടി പറയാൻ കഴിയാതെ കുഴങ്ങിയ കമീഷൻ ആദ്യ കണക്ക് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തത് സംശയത്തിനിടയാക്കി. കമീഷൻ തന്നെ മാറ്റിക്കൊണ്ടിരിക്കുന്ന പോളിങ് ശതമാന കണക്കുകൾ ഒത്തുനോക്കാൻ വോട്ടുയന്ത്രത്തിന് പുറമെ വിവിപാറ്റുകളിലെ കൂടി വോട്ടുകൾ എണ്ണി ഒത്തുനോക്കണമെന്ന ആവശ്യം കമീഷൻ അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ സമർപ്പിച്ച ഹരജി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളുകയും ചെയ്തു. ഓരോ ലോക്സഭാ മണ്ഡലത്തിലും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ആഴ്ചകളായിട്ടും വെളിപ്പെടുത്താതെ കമീഷൻ മറച്ചുവെക്കുകയാണ്. ഓരോ ബൂത്തിലും 17 സി ഫോറം ഏജന്റുമാർക്ക് ഒപ്പിട്ടു നൽകണമെന്ന നിബന്ധന പാലിക്കാൻ റിട്ടേണിങ് ഓഫിസർമാർ തയാറാകുന്നില്ലെന്ന പരാതി രാജ്യവ്യാപകമായി ഉയർന്നിട്ടുണ്ട്. അതിന് പുറമെയാണ് ഒരു മണ്ഡലത്തിലെ എല്ലാ ഫോറങ്ങളും ക്രോഡീകരിച്ചുള്ള മൊത്തം പോളിങ് കണക്ക് പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകാതിരുന്നത്. ഇതോടെ ഫലം അട്ടിമറിക്കാനുള്ള കമീഷന്റെ ഒത്തുകളി ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രതിപക്ഷ നേതാക്കളും സ്ഥാനാർഥികളും പൗരസമൂഹവും രംഗത്തുവന്നു.
വൈകിയെത്തിയ നീതിപീഠം
വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം 17 സി ഫോറം പ്രകാരമുള്ള ഓരോ മണ്ഡലത്തിലെയും ചെയ്ത വോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര 2019ൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആ ഹരജി അഞ്ച് വർഷത്തിനുശേഷം രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിലേക്ക് കടന്ന ശേഷമാണ് പരിഗണിച്ചത്. സ്ഥാനാർഥിക്ക് പോലും 17 സി ഫോറം പ്രകാരമുള്ള വോട്ടുകണക്ക് കമീഷൻ നൽകുന്നില്ലെന്ന പരാതി കൂടി എത്തിയപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വൈകിയ ഇടപെടൽ. ഉത്തർപ്രദേശിലെ റാംപൂരിൽ സ്വതന്ത്രനായി മത്സരിച്ച സുപ്രീംകോടതി അഭിഭാഷകൻ മഹ്മൂദ് പ്രാച 17 സി ഫോറത്തിലെ വോട്ടുകണക്ക് തനിക്ക് നൽകിയില്ലെന്നുകാണിച്ച് സമർപ്പിച്ച ഹരജി, മഹുവയുടെ ഹരജിക്കൊപ്പം 17ന് സുപ്രീംകോടതി പരിഗണിച്ചപ്പോൾ നിഷേധാത്മകമായിരുന്നു കമീഷൻ സമീപനം. കമീഷൻ പുറത്തുവിട്ട വോട്ടുകണക്ക് ‘17 സി’ അനുസരിച്ചാണോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു കമീഷന്റെ മറുപടി. ‘17 സി’ പ്രകാരമുള്ള വിവരം പുറത്തുവിടുന്നതിൽ കമീഷനുള്ള എതിർപ്പ് എന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, സമയമെടുക്കുമെന്നായിരുന്നു മറുപടി. ഈ ആവശ്യത്തിന് മറുപടി നൽകാൻ ഒരാഴ്ച കമീഷന് സമയം നൽകിയാണ് നാളെ കേസ് വീണ്ടും പരിഗണിക്കുന്നത്.
കമീഷൻ സുപ്രീംകോടതിയോട് നുണ പറയുകയാണെന്നാണ് മഹുവയുടെ ആരോപണം. ഓരോ ബൂത്തിലെയും സ്ത്രീ പുരുഷ വോട്ടു വിവരം ക്രോഡീകരിച്ച് ‘പി.എസ്-5’ ഫോറം വഴി വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 11 മണിക്ക് കമീഷൻ ശേഖരിക്കുന്നുണ്ടെന്ന് മഹുവ പറയുന്നു. ഒരു മണ്ഡലത്തിലെ എല്ലാ വോട്ടുയന്ത്രങ്ങളും ഏറ്റുവാങ്ങുന്ന കേന്ദ്രത്തിൽ ഇത്തരത്തിൽ ക്രോഡീകരിച്ച പട്ടികയുടെ പകർപ്പ് മഹുവ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.
‘17 സി’ ഫോറം എന്നാൽ
വോട്ടിങ് കഴിഞ്ഞ് വോട്ടുയന്ത്രം പെട്ടിയിലാക്കി മുദ്ര വെക്കുന്ന സമയത്ത് ഓരോ ബൂത്തിലും ആകെ ചെയ്ത വോട്ടുകൾ എത്രയെന്ന് എല്ലാ പാർട്ടികളുടെയും ബൂത്ത് ഏജന്റുമാർ നോക്കി സാക്ഷ്യപ്പെടുത്തി ഒപ്പിട്ടുനൽകുന്ന ഫോറമാണ് ‘17 സി’. ഓരോ ബൂത്തിലുമുള്ള വോട്ടുകൾ ഈ ഫോറത്തിൽ രേഖപ്പെടുത്തിയത് ക്രോഡീകരിച്ചാണ് പോളിങ് ശതമാനം കമീഷൻ കണക്കാക്കുന്നത്. ഈ ഫോറം എല്ലാവരെയും കൊണ്ട് ഒപ്പിട്ടു വാങ്ങിയ ശേഷമാണ് മുദ്രവെച്ച വോട്ടുയന്ത്രങ്ങൾ പൊലീസ് കാവലിൽ സ്ട്രോങ്റൂമിലേക്ക് മാറ്റുന്നത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ച വോട്ടുയന്ത്രങ്ങൾ വോട്ടെണ്ണുന്ന ദിവസം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് പെട്ടി പൊട്ടിക്കുമ്പോൾ മുദ്രനീക്കി തുറന്ന് എണ്ണുമ്പോൾ പോളിങ് ദിനത്തിൽ ബൂത്ത് ഏജന്റുമാർക്ക് കൈമാറിയ ‘17 സി ഫോറ’വുമായി ഒത്തുനോക്കണമെന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.