ഝാർഖണ്ഡിൽ 18 ബി.ജെ.പി എം.എൽ.എമാർക്ക് സസ്‍പെൻഷൻ
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭയിൽ ബഹളമുണ്ടാക്കിയ 18 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ സസ്‍പെൻഡ് ചെയ്തു. വെളളിയാഴ്ച ഉച്ച 2 മണി വരെയാണ് സസ്പെൻഷൻ. എന്നിട്ടും പുറത്തുപോവാൻ വിസമ്മതിച്ച ഇവരെ മാർഷലുകൾ ബലംപ്രയോഗിച്ചാണ് നീക്കിയത്.
സഭ തുടങ്ങുംമുമ്പ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി നിയമസഭാംഗങ്ങൾ ഇരച്ചുകയറുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇവർ ചില രേഖകൾ വലിച്ചുകീറുകയും ചെയ്തു. സംഘർഷാവസ്ഥ തുടർന്നതോടെ സ്പീക്കർ രബീന്ദ്ര നാഥ് മഹ്തോ 18 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഹേമന്ത് സോറൻ മറുപടി നൽകാൻ വിസമ്മതിച്ചുവെന്നാരോപിച്ചും രാജിയാവശ്യപ്പെട്ടും ബുധനാഴ്ചയും ഇവർ പ്രശ്നമുണ്ടാക്കിയിരുന്നു. പുറത്താക്കിയതിനെ തുടർന്ന് നിരവധി ബി.ജെ.പി എം.എൽ.എമാർ ബുധനാഴ്ച രാത്രി നിയമസഭയുടെ ലോബിയിൽ ചെലവഴിച്ചു.
നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിഷയം അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സ്പീക്കർ രബീന്ദ്ര നാഥ് മഹ്തോ പറഞ്ഞു. തുടർന്ന് 12.30 വരെ സഭ നിർത്തിവച്ചു.
ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിൽ ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അമർ ബൗരി ആരോപിച്ചു. ഈ സർക്കാരിനെ വേരോടെ പിഴുതുമാറ്റുമെന്നും ബൗരി പറഞ്ഞു. ഈ വർഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.