എം.പി ഉൾപ്പെടെ 18 പേരെ അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്താക്കി എടപ്പാടി
text_fieldsചെന്നൈ: ഒ.പന്നീർസെൽവത്തിന്റെ(ഒ.പി.എസ്) മകനും തേനി ലോക്സഭാംഗവുമായ ഒ.പി. രവീന്ദ്രനാഥ് കുമാറും അഞ്ച് ജില്ല സെക്രട്ടറിമാരും ഉൾപ്പെടെ 18 പേരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി അണ്ണാ ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി(ഇ.പി.എസ്) അറിയിച്ചു.
ലോക്സഭയിൽ അണ്ണാ ഡി.എം.കെയുടെ ഏക അംഗമാണ് ഒ.പി. രവീന്ദ്രനാഥ് കുമാർ. ഒ.പി.എസിന്റെ മറ്റൊരു മകനായ ഒ.പി ജയപ്രദീപ്, ജില്ല സെക്രട്ടറിമാരായ എസ്.എ അശോകൻ(കന്യാകുമാരി-ഈസ്റ്റ്), വെല്ലമണ്ടി എൻ. നടരാജൻ(തിരുച്ചി), എസ്.പി.എം സയ്യിദ്ഖാൻ(തേനി), ആർ.ടി. രാമചന്ദ്രൻ(പെരമ്പലൂർ), എം.ജി.എം സുബ്രമണ്യൻ(തഞ്ചാവൂർ നോർത്ത്), പുതുച്ചേരി സംസ്ഥാന സെക്രട്ടറി ഓംശക്തി ശേഖർ, അമ്മൻ പി. വൈരമുത്തു, കൊളത്തൂർ ടി. കൃഷ്ണമൂർത്തി, മരുതു അളകുരാജ്, സൈദൈ എം.എം ബാബു, വി.എൻ.പി വെങ്കട്ടരാമൻ, കോവൈ ശെൽവരാജ്, ആർ.ഗോപാലകൃഷ്ണൻ, എസ്.ആർ അഞ്ജുലക്ഷ്മി, ടി.രമേഷ്, പി.വിനുപാലൻ എന്നിവരെയാണ് സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയത്.
ജൂലൈ 11ന് ഇ.പി.എസ് വിഭാഗം വിളിച്ചുകൂട്ടിയ പാർട്ടി ജനറൽ കൗൺസിൽയോഗത്തിൽ എടപ്പാടി പളനിസാമിയെ അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഒ.പി.എസിനെയും അദ്ദേഹത്തെ പിന്തുണക്കുന്ന പ്രമുഖ നേതാക്കളെയും പാർട്ടിയിൽനിന്ന് പുറത്താക്കി. ഒ.പി.എസ് തിരിച്ച് എടപ്പാടി പളനിസാമിയെയും പുറത്താക്കി. ബുധനാഴ്ച എടപ്പാടി പളനിസാമി ഭാരവാഹി പട്ടികയും പുറത്തിറക്കി. ഇതംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഒ.പി.എസ് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി.
അതേസമയം, അണ്ണാ ഡി.എം.കെ ഓഫിസ് അടച്ചുപൂട്ടി മുദ്രവെച്ച നടപടിക്കെതിരെ സമർപ്പിക്കപ്പെട്ടിരുന്ന ഹരജികളിന്മേൽ മദ്രാസ് ഹൈകോടതി വാദം കേൾക്കൽ തുടങ്ങി.
സംഭവമായി ബന്ധപ്പെട്ട് പൊലീസിനോട് കോടതി വിശദീകരണമാവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.