ഡിജിറ്റൽ ക്യാമറയിൽ എടുത്ത ഫോട്ടോ അയച്ചുനൽകാൻ വൈകി; യുവാവിനെ കുത്തിക്കൊന്നു
text_fieldsബംഗളൂരു: മനോഹര പെയ്ന്‍റിങ്ങിന് മുന്നിൽ വെച്ച് എടുത്ത ചിത്രം അയച്ചുനൽകാൻ വൈകിയതിന് യുവാവിനെ കുത്തിക്കൊന്നു. ബംഗളൂരു റൂറൽ ജില്ലയിൽ ദൊഡ്ഡബല്ലപുരയിലാണ് കൊലപാതകം നടന്നത്.
18കാരനായ സൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ഒരു റെസ്റ്റൊറന്‍റിലെത്തിയതായിരുന്നു സൂര്യയും മൂന്ന് സുഹൃത്തുക്കളും. കടയുടെ മുന്നിലെ ചുമരിൽ മനോഹരമായ പെയ്ന്‍റിങ് ഉണ്ടായിരുന്നു. ഇതിന് മുന്നിൽ നിന്ന് ആളുകൾ സാധാരണ ചിത്രം പകർത്താറുണ്ട്. സൂര്യയും സുഹൃത്തുക്കളും പെയ്ന്‍റിങ്ങിന് മുന്നിൽ നിന്ന് ചിത്രങ്ങൾ അവരുടെ പക്കലുണ്ടായിരുന്ന ഡിജിറ്റൽ ക്യാമറയിൽ പകർത്തവെ മറ്റൊരു സംഘം യുവാക്കളും ഇവിടെയെത്തി.
തങ്ങളുടെ ചിത്രങ്ങളും എടുത്ത് തരണമെന്ന് സംഘം ആവശ്യപ്പെട്ടു. ആദ്യം സൂര്യയും സുഹൃത്തുക്കളും ഇത് നിരസിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ശേഷം എടുത്ത ചിത്രങ്ങൾ വാട്സ്ആപ് വഴി അയക്കാൻ ഇവർ സൂര്യയോട് ആവശ്യപ്പെട്ടു. ഇത് ഡിജിറ്റൽ ക്യാമയാണെന്നും ചിത്രങ്ങൾ ആദ്യം കംപ്യൂട്ടറിലേക്കോ മറ്റോ കോപ്പി ചെയ്ത ശേഷമേ വാട്സ്ആപിൽ അയക്കാൻ കഴിയൂ എന്ന് പറഞ്ഞെങ്കിലും സംഘം ചെവികൊണ്ടില്ല. ചിത്രം ഉടൻ വാട്സ്ആപിൽ കിട്ടണമെന്നായി ആവശ്യം.
ഒടുവിൽ ഇതേച്ചൊല്ലി ഇരുസംഘങ്ങളും തമ്മിൽ വാക്തർക്കവും സംഘർഷവും ആരംഭിച്ചു. ഇതിനിടെ ഒരു യുവാവ് കൂർത്ത മുനയുള്ള വസ്തു ഉപയോഗിച്ച് സൂര്യയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. അക്രമി സംഘം ഉടൻ ബൈക്കുകളിൽ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അഞ്ച് പേരടങ്ങിയ സംഘത്തിലെ ദിലീപ് എന്നയാളാണ് കുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൂര്യയുടെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയെന്ന് ബംഗളൂരു റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബൽദാനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.