ആറുവർഷത്തിനിടെ 183 കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് യു.പി പൊലീസ്
text_fieldsലഖ്നോ: 2017 മാർച്ച് മുതൽ 183 കുറ്റവാളികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം മുൻ എം.പി ആതിഖ് അഹമ്മദിന്റെ മകൻ അസദിനെയും സഹായിയെയും ഏറ്റുമുട്ടലിൽ വധിച്ചതിന് പിന്നാലെയാണ് യു.പി പൊലീസ് മുഖ്യമന്ത്രി യോഗിയുടെ കാലത്തെ ഏറ്റുമുട്ടൽ കൊലകളുടെ കണക്ക് പുറത്തുവിട്ടത്. 2017 മാർച്ചിനുശേഷം സംസ്ഥാനത്ത് 10,900ത്തിലധികം പൊലീസ് ഏറ്റുമുട്ടലുകൾ നടന്നതായി യു.പി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ ഏറ്റുമുട്ടലുകളിൽ 23,300 പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 5,046 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 1,443 പൊലീസുകാരുമുണ്ട്. കൂടാതെ ഏറ്റുമുട്ടലിൽ 13 പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 2017ൽ ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം ക്രമസമാധാനം മെച്ചപ്പെട്ടുവെന്നാണ് പാർട്ടി അവകാശവാദം.
എന്നാൽ, ഈ ഏറ്റുമുട്ടലുകളിൽ പലതും വ്യാജമാണെന്നും വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.
കൊല തെരഞ്ഞെടുപ്പിൽ കണ്ണുവെച്ച് -അഖിലേഷ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ ഏറ്റുമുട്ടൽ കൊലകൾ നടത്തുന്നതെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അംബേദ്കറുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മോവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഖിലേഷ്. രാജ്യത്ത് ഭരണഘടന ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.