18ാം ലോക്സഭ; 24ൽ ഒതുങ്ങി മുസ്‍ലിം പ്രാതിനിധ്യം
text_fieldsന്യൂഡൽഹി: 18ാം ലോക്സഭയിൽ മുസ്‍ലിം പ്രതിനിധികളായെത്തുന്നത് 24 പേർ. 543 അംഗ സഭയിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ എണ്ണമാണിത്. 2014ലെ തെരഞ്ഞെടുപ്പിലായിരുന്നു ഏറ്റവും കുറവ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടത്- 22 പേർ. 2019ലെത്തുമ്പോൾ 26 ആയി. 1980ലെ സഭയിൽ 49 പേരുണ്ടായിരുന്നതാണ് സഭയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മുസ്‍ലിം പ്രാതിനിധ്യം.
രാജ്യത്തെ സുപ്രധാന വോട്ടുബാങ്കുകളിലൊന്നായ മുസ്‍ലിംകൾക്ക് ജനസംഖ്യാപരമായി മേൽക്കൈയുള്ള 15 മണ്ഡലങ്ങളാണ് രാജ്യത്തുള്ളത്. ഇതിൽ 14 ഇടത്തും മുസ്‍ലിം പ്രതിനിധികളാണ്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി മത്സരിച്ച ബഹറംപൂർ മണ്ഡലത്തിൽ യൂസുഫ് പത്താൻ വൻ മാർജിനിൽ ജയിച്ചിരുന്നു. അസമിലെ ബാർപെട്ടയിൽ അസം ഗണ പരിഷത്തിലെ ഫാനി ഭുസാൻ ചൗധരിയാണ് ഇത്തവണ ജയം പിടിച്ചത്.
2014ൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ പാർട്ടി മാത്രമല്ല മറ്റുള്ളവരും സ്ഥാനാർഥി പട്ടികയിൽ മുസ്‍ലിം പ്രാതിനിധ്യം പരമാവധി കുറച്ചുകൊണ്ടുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കോൺഗ്രസ്, എസ്.പി, തൃണമൂൽ എന്നിങ്ങനെ ഇൻഡ്യ സഖ്യത്തിലെ പ്രമുഖർ പോലും ഇത് നടപ്പാക്കിയവരാണ്. 2019ൽ 34 മുസ്‍ലിം സ്ഥാനാർഥികളെ നിർത്തിയ കോൺഗ്രസ് ഇത്തവണ 19 പേർക്കാണ് നറുക്ക് നൽകിയത്. തൃണമൂൽ കഴിഞ്ഞ തവണ 13 പേരെ വെച്ചിടത്ത് ഇത്തവണ ആറായി. എസ്.പി എട്ടുണ്ടായിരുന്നത് ഇത്തവണ നാലായി. 2024ൽ ഇൻഡ്യ സഖ്യം മൊത്തത്തിൽ 78 പേരെയാണ് സ്ഥാനാർഥികളാക്കിയത്- 2019ൽ ഇത് 115 ആയിരുന്നു. ബി.ജെ.പി ഒരാളെയും നിർത്തി. സഖ്യകക്ഷിയായ ജനതാദൾ യുവും ഒരാൾക്ക് നറുക്ക് നൽകി. 34 മുസ്‍ലിംകളെ ഇറക്കിയ ബി.എസ്.പി ഇത്തവണ യു.പിയിൽ ‘സംപൂജ്യ’രായി.
അസമിൽ കോൺഗ്രസ് നേതാവ് റാഖിബുൽ ഹസനാണ് മുസ്‍ലിം എം.പിമാരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചത്. എ.ഐ.യു.ഡി.എഫ് തലവൻ ബദ്റുദ്ദീൻ അജ്മൽ എതിരെയുണ്ടായിട്ടും 10.12 ലക്ഷത്തിനായിരുന്നു ജയം.
അസദുദ്ദീൻ ഉവൈസി മൂന്നു ലക്ഷത്തിലേറെയും ഭൂരിപക്ഷം നേടി. കോൺഗ്രസ് നിരയിൽ ആറുപേർ ജയിച്ചുകയറിയപ്പോൾ തൃണമൂൽ ടിക്കറ്റിൽ അഞ്ചു പേരും എസ്.പിക്കായി നാലു പേരും ജയിച്ചു. മുസ്‍ലിം ലീഗിന് മൂന്നാണ് പ്രാതിനിധ്യം. നാഷനൽ കോൺഫറൻസ് നിരയിൽ രണ്ടുപേരും എ.ഐ.എം.ഐ.എമ്മിനായി ഒന്നും സ്ഥാനാർഥികൾ ജയിച്ചപ്പോൾ രണ്ടു പേർ സ്വതന്ത്രരാണ്. അസം ഗണ പരിഷത്തിലെ ഒരാളും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.