തുരങ്കമുഖത്തെത്തിയത് 19 ഏജൻസികൾ; രക്ഷാദൗത്യത്തിനിറക്കിയത് മൂന്നു സംഘങ്ങളെ
text_fieldsസിൽക്യാര (ഉത്തരകാശി): 17ദിവസമായി സിൽക്യാര തുരങ്കത്തിനകത്ത് കഴിയുന്ന തൊഴിലാളികളെ രക്ഷിക്കാൻ ഉത്തരകാശിയിലെ സിൽക്യാര തുരങ്കമുഖത്ത് എത്തിയത് 19 ഏജൻസികൾ. എന്നാൽ, നിർമാണ കമ്പനിയായ ‘നവയുഗ’ താൽപര്യപ്പെട്ട മൂന്ന് ഏജൻസികൾക്ക് മാത്രമേ രക്ഷാദൗത്യത്തിൽ പങ്കാളികളാകാൻ പ്രധാനമന്ത്രിയുടെ ഓഫിസും ഉത്തരാഖണ്ഡ് സർക്കാറും അനുമതി നൽകിയുള്ളൂ.
കമ്പനിയുടെ താൽപര്യം മാത്രം പരിഗണിച്ചതോടെ ഇന്ത്യൻ കരസേന, കോൾ ഇന്ത്യ തുടങ്ങി രക്ഷാദൗത്യത്തിൽ വൈദഗ്ധ്യവും വേഗവും തെളിയിച്ച നിരവധി ഏജൻസികൾക്ക് കാഴ്ചക്കാരായി നോക്കിനിൽക്കേണ്ടി വന്നു; രക്ഷാദൗത്യത്തിന് വന്ന മലയാളികൾ അടക്കമുള്ള രക്ഷാപ്രവർത്തകരും നിരാശരായി. ഒരു ദുരന്തസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഇന്ത്യൻ സേനയെ കാഴ്ചക്കാരാക്കി നിർത്തിയത് ഇതാദ്യ സംഭവമാണ്. നിരവധി മലയാളി, തമിഴ് എൻജിനീയർമാർ അടങ്ങുന്ന മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിനെയാണ് കരസേന സിൽക്യാരയിലേക്ക് അയച്ചിരുന്നത്. കേവലം 60 മീറ്റർ കുമിഞ്ഞുകൂടിയ അവശിഷ്ടങ്ങൾക്കപ്പുറത്തുള്ളവരെ മൂന്ന് ദിവസത്തിനകം പുറത്തെത്തിക്കാമെന്ന് അവർ അറിയിച്ചെങ്കിലും പ്രതിരോധ മന്ത്രാലയം അനുമതി നൽകിയില്ല. പിന്നീട് തുരങ്കത്തിനകത്ത് പോയി രക്ഷാദൗത്യം കണ്ടുവരാൻ മാത്രം അനുമതി നൽകി. ഖനി തുരക്കുന്നതിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളും എൻജിനീയർമാരുമുള്ള കോൾ ഇന്ത്യ സംഘത്തിനും അനുമതി നൽകിയില്ല.
ദേശീയ ദുരന്ത നിവാരണസേനയെയും അടുപ്പിച്ചില്ല. നിർമാതാക്കളായ ‘നവയുഗ’ സ്വന്തം നിലക്ക് നടത്തിയ രക്ഷാദൗത്യത്തിൽ ട്രഞ്ച്ലെസ് ടെക്നോളജീസ്, ധരണി എന്നീ സ്വകാര്യ കമ്പനികളും സംസ്ഥാന ദുരന്തനിവാരണ സേനയെയുമാണ് തുടക്കം മുതൽ പങ്കാളികളാക്കിയത്. രക്ഷാദൗത്യം പാളിയെന്ന് കണ്ടപ്പോൾ മാത്രമാണ് ഒ.എൻ.ജി.സിയെ ഒപ്പംകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.