സിക്കിം മിന്നൽ പ്രളയം: മരണസംഖ്യ 19 ആയി, കാണാതായവർ 103; രക്ഷാസേനയുടെ തിരച്ചിൽ ഊർജിതം
text_fieldsഗാങ്ടോക്: സിക്കിമിൽ മഞ്ഞുതടാക വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. 22 സൈനികർ ഉൾപ്പെടെ 100 പേരെ കാണാതായെന്ന് സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഒലിച്ചു പോയവരെ കണ്ടെത്താൻ രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിമാക്കിയിട്ടുണ്ട്. വ്യോമസേനാംഗങ്ങളുമായി പുറപ്പെടാൻ ഹെലികോപ്ടർ ഒരുക്കിയിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ കാരണം പുറപ്പെടൽ വൈകുകയാണ്. അതേസമയം, അവശ്യ സാധനങ്ങൾ ഹെലികോപ്ടർ മാർഗം ലഖനിൽ എത്തിച്ചു.
18 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നാലു ജില്ലകളിൽ വൻ നാശനഷ്ടമുണ്ടാക്കിയ ദുരന്തം 22,034 പേരെ ബാധിച്ചു. 2,011 പേരെ രക്ഷപ്പെടുത്തി. 277 വീടുകൾ തകർന്നു. 26 പേർക്ക് പരിക്കേറ്റു. മൻഗം, ഗാങ്ടോക്, പക് യോങ്, നംചി ജില്ലകളിലാണ് മിന്നൽപ്രളയം നാശം വിതച്ചത്.
ദുരന്തത്തിൽ 11 പാലങ്ങൾ തകർന്നു. മൻഗം ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ ഒലിച്ചുപോയി. പ്രളയത്തെ തുടർന്ന് ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതാണ് സ്ഥിതി രൂക്ഷമാക്കിയത്. ദേശീയപാത 10ന്റെ ചില ഭാഗങ്ങളും ഒലിച്ചുപോയിരുന്നു. സിക്കിം സർക്കാർ 26 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഗാങ്ടോക്കിലെ എട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ മാത്രം 1,025 പേർ അഭയം തേടി.
ലോനാക് തടാകത്തിനു സമീപം ബുധനാഴ്ച പുലർച്ചയാണ് മഞ്ഞുതടാക വിസ്ഫോടനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.