ഗുജ്റാളിൻെറ വാക്ക് കേട്ടിരുന്നെങ്കിൽ സിഖ് വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നു -മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിൻെറ നിർദേശം മാനിച്ചിരുന്നെങ്കിൽ ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായ 1984െല സിഖ് വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ബുധനാഴ്ച നടന്ന ഐ.കെ. ഗുജ്റാളിൻെറ നൂറാം ജൻമവാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘1984ൽ ദുഃഖകരമായ സംഭവം അരങ്ങേറിയപ്പോൾ, ആ ദുഃഖ സായാഹ്നത്തിൽ ഗുജ്റാൾ അന്നത്തെ ആഭ്യന്തര മന്ത്രി പി.വി. നരസിംഹ റാവുവിൻെറ അടുത്തെത്തി. സ്ഥിതി ഗുരുതരമാണെന്നും അക്രമം നിയന്ത്രിക്കാൻ സർക്കാർ ഉടനടി സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ആ ഉപദേശം മുഖവിലക്കെടുത്തിരുന്നെങ്കിൽ ഒരുപക്ഷെ കലാപം ഒഴിവാക്കാമായിരുന്നു.’’- മൻമോഹൻ സിങ് പറഞ്ഞു.
പാകിസ്താനിൽ നിന്ന് കുടിയേറിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ എന്ന നിലയിൽ ഗുജ്റാളിനും തനിക്കും ഒരേ പാരമ്പര്യമാണുള്ളത്. ഗുജ്റാളും താനും പാകിസ്താനിലെ ഝലം ജില്ലയിലാണ് ജനിച്ചത്. പ്രധാനമന്ത്രിപദത്തിലേക്കുള്ള തങ്ങളുടെ ഒരുമിച്ചുള്ള യാത്രയുടെ സിംഹഭാഗത്തും അങ്ങനൊരു സ്നേഹബന്ധമാണ് തങ്ങളിൽ നിലനിന്നിരുന്നതെന്നും മൻമോഹൻസിങ് പറഞ്ഞു.
രാഷ്ട്രീയ രംഗത്തെ വിവിധ നേതാക്കൾ ഗുജ്റാളിന് ആദരാഞ്ജലികളർപ്പിച്ചു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, റെയിൽവെ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹാമിദ് അൻസാരി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
1919 ഡിസംബർ നാലിന് ഇന്നത്തെ പാകിസ്താനിൽപെട്ട ഝലം ജില്ലയിലാണ് ഇന്ദർ കുമാർ ഗുജ്റാൾ എന്ന ഐ.കെ. ഗുജ്റാളിൻെറ ജനനം. സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബത്തിൽ ജനിച്ച ഗുജ്റാൾ 1931 മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി. ക്വിറ്റ് ഇന്ത്യ സമരത്തിൻെറ ഭാഗമായി അദ്ദേഹം 1942ൽ ജയിൽവാസമനുഷ്ഠിച്ചു. രാജ്യത്തിൻെറ 12ാമത് പ്രധാനമന്ത്രിയായ ഗുജ്റാൾ വളരെ കുറച്ചുകാലമാണ് പദത്തിലിരുന്നത്. ഇന്ദിരാഗാന്ധിക്കും എച്ച്.ഡി. ദേവഗൗഡക്കും ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച ഗുജ്റാൾ, രാജ്യസഭയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത് പ്രധാനമന്ത്രി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.