റോഡിലെ അടിപിടിയെ തുടർന്നുള്ള കൊലക്കേസ്; നവ്ജ്യോത് സിങ് സിദ്ദു കീഴടങ്ങി
text_fieldsന്യൂഡൽഹി: 34 വർഷം മുമ്പുള്ള കേസിൽ കീഴടങ്ങുന്നത് വൈകിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്ററുമായ നവ്ജ്യോത് സിങ് സിദ്ദു കീഴടങ്ങി. 1988ൽ ഗുര്‍ണാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങിയത്. ഇന്നലെയാണ് കേസിൽ സുപ്രീം കോടതി സിദ്ദുവിന് ഒരു വർഷത്തെ തടവ് ശിക്ഷിച്ചത്.
തുടർന്ന്, ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ സമയം നീട്ടി നൽകണമെന്ന് സിദ്ദു അഭ്യർഥിച്ചിരുന്നു. എന്നാല്‍ സിദ്ദുവിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വിസമതിച്ചു. ഇതേ തുടർന്നാണ് സിദ്ദു കീഴടങ്ങിയത്. കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെയാണ് 65കാരനായ ഗുർണാം സിങ് കൊല്ലപ്പെടുന്നത്. ഗുര്‍ണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചത് മരണത്തിന് കാരണമായതായാണ് കേസ്.
നേരത്തേ പഞ്ചാബ് – ഹരിയാന ഹൈകോടതി മൂന്നു വർഷം തടവ് വിധിച്ച കേസാണിത്. 2018ൽ 1000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത് സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. തുടർന്ന് ഗുർണാം സിങ്ങിന്റെ കുടുംബാംഗങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷം തടവും 1000 രൂപ പിഴയും കൂടി വിധിച്ചത്.
സുപ്രീം കോടതി വിധിച്ച ശിക്ഷയുടെ ഭാഗമായി സിദ്ദു കീഴടങ്ങുമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‍വി കോടതിയെ അറിയിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുറച്ച് സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ കീഴടങ്ങാന്‍ കുറച്ച് ആഴ്ചകള്‍ കൂടി അനുവദിക്കണമെന്നായിരുന്നു സിംഗ്‍വിയുടെ ആവശ്യം. ആവശ്യം അപേക്ഷയായി നല്‍കിയ ശേഷം അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിക്കാന്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ അടിയന്തരമായി അപേക്ഷ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല.
1988 ഡിസംബർ 27ന് പാട്യലയിലെ ഷേറൻവാല ഗേറ്റ് ക്രോസിങിന് അടുത്തുള്ള റോഡിന് നടുക്ക് സിദ്ദുവും സുഹൃത്ത് രൂപീന്ദർ സിങ് സന്ധുവും ജിപ്സി പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് ഗുർണാം സിങിന്റെ കൊലപാതകത്തിൽ കലാശിച്ചത്. അതുവഴി കാറിൽ വന്ന ഗുർണാം സിങ് ഇതിനെ ചോദ്യം ചെയ്യുകയും തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.