മുംബൈ സ്ഫോടന കേസ്: അന്വേഷണം നടന്നത് തെളിവുകളില്ലാതെ എന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ
text_fieldsമുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ രണ്ടാംഘട്ട വിചാരണ ആരംഭിക്കാനിരിക്കെ പുതിയ വെളിപ്പെടുത്തലുമായി മുൻ സുപ്രീംകോടതി ജഡ്ജി ബി.എൻ ശ്രീകൃഷ്ണ രംഗത്ത്. സ്ഫോടന കേസിന്റെ അന്വേഷണം നടന്നത് തെളിവുകൾ ഇല്ലാതെയാണെന്ന് ന്യൂസ് വെബ്സൈറ്റായി ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ ബി.എൻ ശ്രീകൃഷ്ണ വെളിപ്പെടുത്തി. സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷണ നടത്താൻ നരസിംഹറാവു സർക്കാർ നിയോഗിച്ച ജൂഡീഷ്യൽ എൻക്വയറി കമീഷന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ.
ജൂഡീഷ്യൽ എൻക്വയറി കമീഷന്റെ ശിപാർശകൾ പൂർണമായി നടപ്പാക്കാൻ സാധിക്കില്ല. ഇക്കാര്യം നിരവധി തവണ താൻ വ്യക്തമാക്കിയതാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് അന്വേഷിക്കാൻ ഉണ്ടായിരുന്നത്. തെളിവുകളില്ലാതെയും സത്യം കണ്ടെത്താതെയുമാണ് ഭൂരിപക്ഷ കേസുകളുടെ അന്വേഷണം പൂർത്തിയാക്കിയത്. കേസുകളുടെ അന്വേഷണവും ചോദ്യം ചെയ്യലും ഈ വിധത്തിലാവുമ്പോൾ പൂർണ നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ രണ്ടാംഘട്ട വിചാരണയാണ് പ്രത്യേക ടാഡ കോടതിയിൽ ഇന്ന് ആരംഭിക്കുക. അധോലോക നായകൻ അബു സലിം ഉൾപ്പെടെ ഏഴു പേരാണ് കേസിെല പ്രതികൾ. അബു സലീമിന് പുറമെ മുസ്തഫ ഡോസ, കരീമുല്ല ഖാൻ, ഫിറോസ് അബ്ദുൽ റാഷിദ് ഖാൻ, റിയാസ് സിദ്ദീഖി, താഹിർ മർച്ചൻറ്, അബ്ദുൽ ഖയ്യൂം എന്നിവരാണ് രണ്ടാംഘട്ടത്തിൽ വിചാരണ നേരിടുന്നത്.
2007ൽ കേസിലെ ആദ്യഘട്ട വിചാരണ അവസാനിച്ചപ്പോൾ 100 പേരെ കുറ്റക്കാരായി കണ്ട കോടതി 23 പേരെ വെറുതെ വിട്ടു. ആദ്യഘട്ട വിചാരണയുടെ അവസാന സമയത്ത് പിടിയിലായതിനെ തുടർന്നാണ് ഏഴു പേരെ പ്രത്യേകം വിചാരണ ചെയ്യാൻ കോടതി തീരുമാനിച്ചത്. ഇതിൽ ഗുജ്റാത്തിൽ നിന്ന് മുംബൈയിലേക്ക് ആയുധങ്ങളും സ്േഫാടകവസ്തുക്കളും കൊണ്ടുവന്നുവെന്ന കുറ്റത്തിനാണ് അബു സലിമിനെതിരായ കേസ്. ഹിന്ദി സിനിമാതാരം സഞ്ജയ് ദത്തിന് എ.കെ.47 അടക്കമുള്ള ആയുധങ്ങൾ കൈമാറിയെന്ന കേസിലും അബു സലിം പ്രതിയാണ്.
1993 മാർച്ച് 12ന് മുംബൈ നഗരത്തിലെ വിവിധയിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെട്ടു. 713 പേർക്ക് സാരമായി പരിക്കേൽക്കുകയും 27 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.