ഒറ്റ രാത്രികൊണ്ട് റോഡ് 'കാൺമാനില്ല'; പൊലീസിൽ പരാതിയുമായി ഗ്രാമവാസികൾ
text_fieldsഭോപാൽ: ഒറ്റ രാത്രികൊണ്ട് റോഡ് കാൺമാനില്ലെന്ന പരാതിയുമായി ഗ്രാമവാസികൾ പൊലീസ് സ്റ്റേഷനിൽ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം.
ഗ്രാമത്തിലെ റോഡിെൻറ ഒരു കിലോമീറ്ററോളം ഭാഗം ഒറ്റ രാത്രികൊണ്ട് ചളിക്കുളമായി. തുടർന്ന് റോഡ് പണിയിൽ അഴിമതി നടന്നതായി വ്യക്തമായതോടെ ഗ്രാമത്തിലെ ഡെപ്യൂട്ടി സർപഞ്ചും പ്രദേശവാസികളും ചേർന്ന് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു.
തങ്ങളുടെ ഗ്രാമത്തിലെ ഒരു ഭാഗത്ത് റോഡുണ്ടായിരുന്നു. എന്നാൽ നേരം വെളുത്തപ്പോൾ റോഡ് കാണാതാകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന്, ജൻപത് പഞ്ചായത്ത് ഒാഫിസിലും നിരവധി പരാതികളെത്തിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ട് ഉടൻ ആവശ്യപ്പെടുമെന്നും പഞ്ചായത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സിദ്ധി ജില്ലയിലെ പ്രദേശമാണ് മേന്ദ്ര ഗ്രാമം. ഗ്രാമത്തിൽ റോഡ് നിർമിക്കാൻ അനുവദിച്ച ഫണ്ട് ഉദ്യോഗസ്ഥർ തിരിമറി നടത്തി തട്ടിയെടുത്താതായാണ് പ്രദേശവാസികളുടെ ആരോപണം. തുടർന്ന് പേരിനായി റോഡ് നിർമിക്കുകയുമായിരുന്നു. എന്നാൽ, മൺസൂൺ എത്തിയതോടെ റോഡ് പൊളിഞ്ഞ് ചളിക്കുളമായെന്നും അവർ പറയുന്നു.
2017ൽ റോഡ് നിർമിക്കാൻ പണം അനുവദിച്ചിരുന്നു. ആറുമാസത്തിനുശേഷം റോഡ് 10 ലക്ഷം രൂപ ബജറ്റിൽ നിർമിച്ചതായും രേഖകളിൽ കാണിക്കുന്നുണ്ട്. തുടർന്ന് അധികൃതർ വിവരം അന്വേഷിച്ചപ്പോൾ കരാർ എടുത്തവർ റോഡ് താൽകാലികമായി നിർമിക്കുകയും ഒറ്റ രാത്രിയിലെ മഴയോടെ ഇവ ഒലിച്ചുപോകുകയുമായിരുന്നുവെന്നും പറയുന്നു.
ഇതോടെ ലക്ഷങ്ങളുടെ അഴിമതി അന്വേഷിക്കാൻ ഒരുങ്ങുകയാണ് പ്രദേശിക ഭരണകൂടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.