അന്തർ സംസ്ഥാന തൊഴിലാളികളേയും വഹിച്ച് തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്ക് പ്രത്യേക തീവണ്ടി
text_fieldsന്യൂഡൽഹി: ലോക്ഡൗണിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളേയും വഹിച്ചുകൊണ്ടുള്ള ആദ്യ പ്രത്യേക തീവണ്ടി വെള്ളിയാഴ്ച രാവിലെ തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്ക് പുറപ്പെട്ടു. തെലങ്കാനയിലെ ലിംഗമപള്ളിയിൽ നിന്ന് ഝാർഖണ്ഡിലെ ഹാതിയ ജില്ലയിലേക്കുള്ള വണ്ടിയിൽ 1200 പേരാണ് യാത്ര ചെയ്യുന്നത്. 24 കോച്ചുകളുള്ള തീവണ്ടിയിൽ സാമൂഹ്യഅകലം പാലിച്ചുകൊണ്ടാണ് യാത്രാക്കാരെ ക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 72 പേർക്കിരിക്കാവുന്ന കമ്പാർട്ട്മെന്‍റിൽ 54 പേർ മാത്രമാണ് യാത്ര ചെയ്യുന്നത്.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അഭ്യർഥന പരിഗണിച്ചാണ് കേന്ദ്രം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. "മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ സംസ്ഥാനത്തിന് പ്രിയപ്പെട്ടവരാണ്. അതുപോലെത്തന്നെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും സർക്കാറിന്‍റെ പ്രഥമ പരിഗണനയിൽ പെടുന്നു"വെന്ന് ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു.
കോവിഡ് 19 ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികളും ടൂറിസ്റ്റുകളും തൊഴിലാളികളുമാണ് യാത്രക്കാർ. അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് പഞ്ചാബ്, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇവയെല്ലാം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബസിൽ ഇവരെ നാട്ടിലെത്തിക്കുന്നത് അശാസ്ത്രീയമാണെന്നായിരുന്നു സംസ്ഥാനങ്ങളുടെ വാദം. എന്നാൽ ബസിൽ ഇവരെ നാട്ടിലെത്തിക്കണമെന്നും ഇതിന്‍റെ ചെലവ് അതത് സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്നുമായിരുന്നു കേന്ദ്ര നിർദേശം.
അതേസമയം പൈലറ്റ് പ്രജക്ട് ആണ് ഇതെന്നും ഇതിനുശേഷം മറ്റ് ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ലക്ഷക്കണക്കിന് അന്തർ സംഥാന തൊഴിലാളികളാണ് സ്വന്തം നാട്ടിൽ തിരിച്ചെത്താൻ കഴിയാതെ വിഷമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.