Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ലോകത്തിലെ തന്നെ ആദ്യ...

'ലോകത്തിലെ തന്നെ ആദ്യ സംഭവം'; ബ്ലാക് ഫംഗസ് ബാധിച്ച് വൃക്കയും പാതി ശ്വാസകോശവും നഷ്ടമായയാൾക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ

text_fields
bookmark_border
Ganga-ram-hospital 20921
cancel

ന്യൂഡൽഹി: ബ്ലാക് ഫംഗസ് ബാധിച്ച് വൃക്കകളിലൊന്നും ശ്വാസകോശത്തിന്‍റെ ഒരു ഭാഗവും നഷ്ടമായ 34കാരന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി ഡോക്ടർമാരുടെ സംഘം. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് രോഗി ചികിത്സയിലുണ്ടായിരുന്നത്.

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ശേഷമാണ് രോഗിയിൽ ബ്ലാക് ഫംഗസ് റിപ്പോർട്ട് ചെയ്തത്. വലത് വൃക്കയെയും ശ്വാസകോശത്തിന്‍റെ ഒരു ഭാഗത്തെയും ബ്ലാക് ഫംഗസ് ബാധിച്ച് പ്രവർത്തന രഹിതമാവുകയായിരുന്നു. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ കേസാണിതെന്ന് ഡോക്ടർമാർ പറയുന്നു.

വൃക്കയുടെയും ശ്വാസകോശത്തിന്‍റെയും ഭാഗങ്ങൾ ഫംഗസ് കീഴടക്കിയിരുന്നു. മറ്റ് ഭാഗങ്ങളിലേക്കും പടരുമെന്ന് ഭീതിയുണ്ടായിരുന്നു. അതുകൊണ്ടാണ് വളരെ വേഗം ശസ്ത്രക്രിയ നടത്തിയത്. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത് -ഡോക്ടർമാർ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾ മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗിക്ക് മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നും ആശുപത്രി വിട്ടെന്നും അധികൃതർ അറിയിച്ചു.

ബ്ലാക്ക്​ ഫംഗസ്​ രോഗം

ഒരു കഷണം ബ്രഡ്​ കുറച്ചുദിവസം അന്തരീക്ഷത്തിൽ തുറന്നുവെച്ചാൽ അതിൽ പൂപ്പൽ വളരുന്നതു കാണാം. ബ്രഡിൽ മാത്രമല്ല, ജീർണിക്കാത്ത എല്ലാ ജൈവപദാർഥങ്ങളിലും ഇത്തരം പലവിധത്തിലുള്ള പൂപ്പലുകൾ വളരുന്നത്​ കാണാം. ഇവയെയാണ്​ ഫംഗസുകൾ എന്നു പറയുന്നത്​. പൊതുവെ സസ്യങ്ങളിലാണ്​ ഫംഗസുകൾ രോഗങ്ങളുണ്ടാക്കുന്നത്. പ്രകൃതിയിൽ 50,000ത്തിൽപരം ഫംഗസുകളുണ്ട്​. അതിൽ വെറും 300ൽപരം ഫംഗസുകൾക്കു മാത്രമേ മനുഷ്യരിൽ രോഗങ്ങളുണ്ടാക്കാൻ കഴിവുള്ളൂ. ചുണങ്ങ്​ എന്ന ത്വഗ്​​രോഗം ഒരു ഫംഗസ്​ ബാധയാണ്​. അതുപോലെ 'മ്യൂക്കോർമൈസെറ്റ്​സ്​' എന്നറിയപ്പെടുന്ന ഒരുതരം ഫംഗസുകളുണ്ടാക്കുന്ന രോഗമാണ്​ 'മ്യൂക്കോർമൈക്കോസിസ്​' അഥവാ ബ്ലാക്ക്​ ഫംഗസ്​ രോഗം.

പുതിയ രോഗമല്ല

മ്യൂക്കോർമൈക്കോസിസ് ഒരു പുതിയ രോഗമല്ല. ഏകദേശം 135 വർഷങ്ങൾക്കു മുമ്പ്​ (1885ൽ) ഈ രോഗബാധ മനുഷ്യരിൽ സ്​ഥിരീകരിച്ചിട്ടുണ്ട്​. വളരെ അപൂർവമായി കാണപ്പെടുന്ന ഒരു രോഗമാണെങ്കിലും ചികിത്സ വൈകിയാൽ മരണംപോലും സംഭവിക്കാം. ലോകത്ത്​ ബ്ലാക്ക്​ ഫംഗസ്​ രോഗം കൂടുതലും റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​ ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്നാണ്​. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള ഭൂഖണ്ഡമായതാണ്​ കാരണമായി കരുതപ്പെടുന്നത്​.

കോവിഡും ബ്ലാക്ക്​ ഫംഗസ്​ രോഗവും

കോവിഡ്​ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയോടെയാണ്​ ബ്ലാക്ക്​ ഫംഗസ്​ രോഗികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടത്​. രോഗം കണ്ടെത്തിയവരിലധികവും പ്രമേഹരോഗികളായിരുന്നു. പ്രമേഹരോഗം നിയന്ത്രണവിധേയമല്ലാത്തവരിൽ പൊതുവെ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതോടൊപ്പം കോവിഡ്​ രോഗം കൂടി ബാധിക്കു​േമ്പാൾ പ്രതിരോധ ശേഷി വീണ്ടും കുറയുന്നു. ഈയവസ്​ഥ മ്യൂക്കോർമൈസെറ്റുകൾ പ്രയോജനപ്പെടുത്തി രോഗകാരികളായി മാറുന്നു. കോവിഡ്​ മൂർച്ഛിക്കുന്ന ചില രോഗികൾക്ക്​ സ്​റ്റിയറോയ്​ഡ്​ ചികിത്സ വേണ്ടിവന്നേക്കാം. ഇത്​ രോഗപ്രതിരോധ ശേഷി വീണ്ടും കുറയുന്നതിന്​ കാരണമാകും. ഒപ്പം, പഞ്ചസാരയുടെ നില അനിയന്ത്രിതമായി ഉയരുന്നതിനും കാരണമാകും. ഈ അനുകൂല സാഹചര്യങ്ങൾ മ്യൂക്കോർമൈക്കോസിസ്​ രോഗത്തിന്​ സഹായകമായി മാറുന്നു.

​രോഗലക്ഷണങ്ങൾ

രോഗം ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്നതായി കാണപ്പെടുന്നതിനാൽ രോഗലക്ഷണങ്ങളും വ്യത്യസ്​തങ്ങളാകാം. എന്നാൽ, രോഗം കൂടുതലും ബാധിക്കുന്നത്​ മൂക്കിനെയും തലയോട്ടിയിൽ മൂക്കിന്​ ചുറ്റുമുള്ള അറകളെയുമാണ്​. സൈനസുകൾ എന്നാണ്​ ഈ അറകൾ അറിയപ്പെടുന്നത്. ഇവിടെ അണുബാധയുണ്ടാകുന്നതുകൊണ്ട്​ ശക്​തമായ തലവേദന, മൂക്കിൽനിന്നും പഴുപ്പോ തവിട്ടുനിറമുള്ള ദ്രാവകമോ ഉണ്ടാകും. ചിലപ്പോൾ മൂക്കിൽനിന്നും രക്തസ്രാവവും ഉണ്ടാവാം. മൂക്കിലും കവിൾത്തടങ്ങളിലും നീല നിറവ്യത്യാസവും കൂടാതെ പനിയും പ്രകടമാകാം. രോഗം കണ്ണിന്​ സമീപത്തേക്ക്​ വ്യാപിക്കുന്നതോടെ കണ്ണിന്​ പിറകിൽ വേദന, കണ്ണിന്​ ചുറ്റും നീര്​, കണ്ണിന്​ ചുമപ്പ്​, കാഴ്​ച മങ്ങൽ, രണ്ടായി കാണുക, കവിൾ തടങ്ങളിൽ നീര്​ മുതലായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. രോഗം കണ്ടെത്തി ചികിത്സ ലഭിച്ചില്ലെങ്കിൽ കാഴ്​ച നഷ്​ടപ്പെടുക, ജന്നി, ഛർദി, ബോധക്ഷയം മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകാം. രോഗം തലച്ചോറി​േലക്ക്​ ബാധിക്കുന്നതി​ന്‍റെ ലക്ഷണങ്ങളാണ്​ ഇവ. ചിലപ്പോൾ മരണവും സംഭവിക്കാം.

രോഗനിർണയം, ചികിത്സ

ആരംഭത്തിലേ രോഗസാധ്യത മുൻകൂട്ടിക്കണ്ടാൽ രോഗനിർണയം എളുപ്പമാകും. പരിചയസമ്പന്നനായ ഒരു ഡോക്​ടർക്ക്​ രോഗവിവരങ്ങളുടെയും ലക്ഷണങ്ങളുടെയും സഹായത്തോടെയും എൻഡോസ്​കോപ്പി, സി.ടി സ്​കാൻ, എം.ആർ.ഐ സ്​കാൻ, ബയോപ്​സി മുതലായ പരിശോധനകളിലൂടെയും രോഗനിർണയം സാധ്യമാകും. ഇതിൽ എൻഡോസ്​കോപ്പി പര​ിശോധനയാണ്​ എളുപ്പവും കൃത്യവും.

മയക്കുമരുന്ന്​ ഉപയോഗിക്കുന്നവർ, വലിയ പൊള്ളലേറ്റവർ, പോഷകക്കുറവുള്ളവർ മുതലായവരിലും രോഗസാധ്യത കൂടുതലാണ്​. അതുകൊണ്ടുതന്നെ, കോവിഡ്​ വിമുക്തരായ രോഗികൾ മുൻ വിവരിച്ച രോഗലക്ഷണങ്ങൾ അവഗണിക്കരുത്​. എത്രയും പെ​ട്ടെന്ന്​ വിദഗ്​ധ ചികിത്സ തേടണം.

ആരംഭദശയിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിക്കുകയാണെങ്കിൽ സങ്കീർണതകളൊന്നും ഇല്ലാതെ ചികിത്സ സാധ്യമാകും. ബ്ലാക്ക്​ ഫംഗസിനെതിരായ ആൻറി ഫംഗൽ മരുന്നുകൾ ലഭ്യമാണ്. എന്നാൽ, രോഗനിർണയം വൈകിയാൽ ഈ ഫംഗസ്​ രക്തധമനികളെ ബാധിക്കുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ രക്തചംക്രമണം തടസ്സപ്പെട്ട ഭാഗം ചീഞ്ഞ്​ 'കറുത്ത' നിറമാകുന്നു. അതുകൊണ്ടാണ്​ ഇതിനെ 'ബ്ലാക്ക്​ ഫംഗസ്​ രോഗം' എന്നറിയപ്പെടുന്നത്​. ഇങ്ങനെ നശിച്ച താടിയെല്ലുകൾ, കണ്ണുകൾ, തലയോട്ടിയുടെ മറ്റു ഭാഗങ്ങൾ ഒക്കെയും ശസ്​ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരും. ഇ.എൻ.ടി സർജൻ, ന്യൂറോ സർജൻ, ജനറൽ സർജൻ, ഡെൻറൽ സർജൻ മുതലായവരടങ്ങിയ വിദഗ്​ധ സംഘത്തി​ന്‍റെ മേൽനോട്ടത്തിലുള്ള ശസ്​ത്രക്രിയകൾ വരെ വേണ്ടിവരാം. കാലതാമസമില്ലാതെ രോഗനിർണയത്തിനും ഉചിതമായ ചികിത്സക്കും ഊന്നൽ കൊടുക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black Fungus
News Summary - 1st Such Case In World Ghaziabad Man Loses Kidney Part Of Lung To Black Fungus
Next Story