ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു; വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു
text_fieldsഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്നാരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം. സൽമാൻ മേവതി, ഷാക്കിര്‍ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ രണ്ട് പേർ പശുവിൻ്റെ ശരീരഭാഗങ്ങൾ ക്ഷേത്രപരിസരത്ത് എറിഞ്ഞുവെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനോജ് കുമാർ സിങ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടെങ്കിൽ അവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രാദേശിക പുരോഹിതനായ ഗൗരവ് പുരി ഗോസ്വാമിയാണ് മൃഗത്തിന്റെ ശരീര ഭാഗങ്ങൾ ആദ്യം ശ്രദ്ധിച്ചത്. ഇയാൾ പെട്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നുവെന്ന് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി ഇറങ്ങി. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്‍ തകര്‍ത്തതെന്നും അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പൊളിച്ച് മാറ്റിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിർദേശം നൽകി. സമാധാനം പാലിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ആക്ഷേപകരമായ പ്രസ്താവനകൾ നടത്തരുതെന്നും പ്രാദേശിക ഖാദി ഹഫീസ് ഭുരു പ്രദേശവാസികളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.