തീവണ്ടി അപകടമുണ്ടാക്കി യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
text_fieldsഅഹമ്മദാബാദ്: തീവണ്ടി പാളംതെറ്റിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഗുജറാത്ത് പൊലീസാണ് രണ്ടുപേരെ പിടികൂടിയത്. ഇരുമ്പ് സ്ലാബ് ട്രാക്കിൽ വെച്ച് തീവണ്ടി പാളം തെറ്റിക്കാനായിരുന്നു ഇവരുടെ ശ്രമം. അപകടമുണ്ടാക്കിയതിന് ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
സെപ്തംബർ 25ാം തീയതി കുണ്ഡലി ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. എന്നാൽ, ഇരുമ്പ് സ്ലാബിൽ തട്ടിയെങ്കിലും തീവണ്ടി പാളം തെറ്റിയില്ല. ഓഖ-ഭാവ്നഗർ പാസഞ്ചർ ട്രെയിൻ ഇരുമ്പ് സ്ലാബ് ഉപയോഗിച്ച് അട്ടിമറിക്കാനായിരുന്നു ഇവരുടെ നീക്കം. റാണപൂർ പൊലീസ് സ്റ്റേഷൻ ലിമിറ്റിലായിരുന്നു സംഭവമെന്നും പൊലീസ് സൂപ്രണ്ട് കിഷോർ ബലോലിയ പറഞ്ഞു.
ഇരുമ്പ് സ്ലാബിൽ തട്ടിയതിനെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ട്രാക്കിൽ നിർത്തിയിടേണ്ടി വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രമേഷ്, ജയേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഗുരുതരമായ കുറ്റകൃത്യമാണ് ഇരുവരും ചെയ്തതെന്ന് ആർ.പി.എഫും എ.ടി.സും പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് തുടർച്ചയായി സംഭവിച്ച ട്രെയിൻ അപകടങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ രണ്ടാഴ്ചക്കകം വിശദമായ റിപ്പോർട്ട് നൽകാൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമിറ്റി റെയിൽവേ ബോർഡ് ചെയർമാനോട് നിർദേശിച്ചിരുന്നു. തുടർച്ചയായ അപകടങ്ങൾക്ക് പിന്നിലെ സാങ്കേതിക പ്രശ്നം, ഗൂഢാലോചന സാധ്യത, അപകടങ്ങൾ കൂടുന്നതിന്റെ കാരണം തുടങ്ങിയ വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.