വീണ്ടും പാലം തകർച്ച; ബിഹാറിൽ 24 മണിക്കൂറിനുള്ളിൽ തകർന്നത് രണ്ട് പാലങ്ങൾ
text_fieldsപാട്ന: ഒരിടവേളക്ക് ശേഷം ബിഹാറിൽ നിന്ന് പാലം തകർച്ചയുടെ തുടർവാർത്തകൾ. സമസ്തിപൂരിൽ നിർമാണത്തിലിരിക്കുന്ന ബക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതു പാലം തകർന്നതിന് പിന്നാലെ മുംഗർ ജില്ലയിൽ ഗന്തക് നദിക്ക് കുറുകെയുണ്ടായിരുന്ന പ്രധാന പാലം തകർന്നു.
മുംഗർ ജില്ലയിലെ ബിച്ലി പുൽ എന്നറിയപ്പെട്ടിരുന്ന തിരക്കേറിയ പാലം 2012ൽ നിർമിച്ചതാണ്. നദിയിലെ ശക്തമായ ഒഴുക്കിൽ പാലം തകരുകയായിരുന്നെന്നാണ് വിവരം. നദീതീര മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് പ്രധാന നഗരമായ ഖഗാരിയയുമായി ബന്ധപ്പെടാനുള്ള ഒരേയൊരു മാർഗമായിരുന്നു ഈ പാലം. 80,000ത്തോളം പേരെ പാലം തകർച്ച ബാധിക്കും. മുംഗർ ജില്ലയിലെ ഹരിനമർ, ജൊവാഭിയാർ തുടങ്ങിയ നിരവധി പഞ്ചായത്തുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന ബക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതു പാലം ഒരു ഭാഗം തകർന്നത്. ഇതിന്റെ ഗർഡറുകളുടെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് സംഭവം. തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ബിഹാറിൽ ഒന്നിനു പിറകെ ഒന്നായി പാലങ്ങൾ തകരുന്ന സംഭവങ്ങളുണ്ടായിരുന്നു. 13 ദിവസത്തിനിടെ ആറ് പാലങ്ങളാണ് അന്ന് തകർന്നത്. തുടർന്നും പല സമയങ്ങളിലായി പാലം തകർച്ച ആവർത്തിച്ചു. സർക്കാറിന് തന്നെ നാണക്കേടായ ഈ സംഭവങ്ങളിൽ വിശദമായ അന്വേഷണത്തിന് ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. പാലം നിർമാണത്തിനും പരിപാലനത്തിനുമായി പുതിയ നയവും നിതീഷ് കുമാർ സർക്കാർ ആവിഷ്കരിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകർച്ചകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.