30 മിനിറ്റ് വൈകിയെത്തിയ പൊലീസുകാരെ കോടതിവളപ്പിലെ പുല്ലരിയാൻ ശിക്ഷിച്ച് ജഡ്ജി
text_fieldsമുംബൈ: പ്രതിയുമായി കോടതിയിലെത്താൻ 30 മിനിറ്റ് വൈകിയ പൊലീസുകാരെ കോടതിവളപ്പിലെ പുല്ലരിയാൻ ശിക്ഷിച്ച് ജഡ്ജി. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ കോടതിയുടേതാണ് നടപടി. ഹെഡ് കോൺസ്റ്റബിളിനും കോൺസ്റ്റബിളിനുമാണ് ശിക്ഷ ലഭിച്ചത്. ഒക്ടോബർ 22ന് നടന്ന സംഭവം വകുപ്പുതലത്തിൽ ചർച്ചയായതോടെയാണ് പുറത്തറിഞ്ഞത്.
ഒക്ടോബർ 22ന് ഞായറാഴ്ച പുലർച്ചെ പൊലീസ് പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അവധിദിന കോടതിയിൽ രാവിലെ 11 മണിക്ക് ഹാജരാക്കാനാണ് സമയം ലഭിച്ചത്. എന്നാൽ, പ്രതികളെയും കൊണ്ട് പൊലീസുകാർ ഇരുവരും കോടതിയിലെത്തിയപ്പോൾ സമയം 11.30 ആയി. വൈകിയെത്തിയതിൽ പ്രകോപിതനായ ജഡ്ജി ശിക്ഷയായി പൊലീസുകാർ കോടതി വളപ്പിലെ പുല്ല് അരിയണമെന്ന് നിർദേശിക്കുകയായിരുന്നു.
ഇത്തരമൊരു ശിക്ഷയിൽ അസ്വസ്ഥരായ പൊലീസുകാർ വിവരം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഡയറിയിൽ ഇക്കാര്യം രേഖപ്പെടുത്തി വകുപ്പുതലത്തിൽ വിവരം കൈമാറി. സംഭവത്തിന്‍റെ വിശദമായ റിപ്പോർട്ടും പൊലീസുകാരുടെ മൊഴികളും ഉചിതമായ നടപടിക്കായി കോടതിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പർഭാനി എസ്.പി യശ്വന്ത് കാലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.