രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്; രണ്ടു കോടിയുടെ ഭൂമി മിനിറ്റുകൾ കഴിഞ്ഞ് ട്രസ്റ്റ് വാങ്ങിയത് 18.5 കോടിക്ക്
text_fieldsലഖ്നോ: രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച് ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിന് പിന്നിെലന്ന് സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും ആരോപിച്ചു. മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് വിൽക്കുന്നത് 18.5 കോടിക്കാണ്. രണ്ട് ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വർധിച്ചതെന്ന് വിശദീകരിക്കണമെന്ന് മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
ബാബ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക് വിൽപന നടത്തിയത്. ഇവരിൽനിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. രണ്ട് ഇടപാടുകളിലും അയോധ്യ മേയർ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ് സാക്ഷികൾ. ഇടപാട് നടന്നയുടൻ 17 കോടി ബാങ്ക് വഴി കൈമാറുകയും ചെയ്തു. മിനിറ്റുകൾക്കിടെ ഭൂമിയിൽ എന്ത് സ്വർണഖനിയാണ് കണ്ടെടുത്തതെന്നും പണം ആര് കൈപ്പറ്റിയെന്നും അന്വേഷിക്കണമെന്നും പവൻ പാണ്ഡെ ആവശ്യപ്പെട്ടു.
2020 ഫെബ്രുവരിയിലാണ് മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. ക്ഷേത്ര നിർമാണത്തിന്‍റെ മേൽനോട്ടമാണ് ചുമതല. ഉത്തരവു പ്രകാരം 70 ഏക്കർ ഭൂമി ക്ഷേത്രത്തിനായി അനുവദിച്ചിട്ടുണ്ട്. 15 അംഗ സമിതിയിൽ 12 പേരും കേന്ദ്രം നാമനിർദേശം നടത്തുന്നവരാണ്.
ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേർന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്.
എ.എ.പി രാജ്യസഭ എം.പി സഞ്ജയ് സിങ് ഞായറാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലും ഇതേ ആവശ്യം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് ഉൾപെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു.
എന്നാൽ, 100 വർഷമായി സമാന ആരോപണങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണെന്നും അന്ന് മഹാത്മ ഗാന്ധിയെ കൊന്നത് ഞങ്ങളാണെന്ന് അവർ പറഞ്ഞിരുന്നുവെന്നും ട്രസ്റ്റ് സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.