ഹാവേരിയിൽ രണ്ട് ദളിത് വീടുകൾ അഗ്നിക്കിരയാക്കി, ആളപായമില്ല
text_fieldsഹാവേരി: ഹാവേരി ജില്ലയിലെ റാണെബന്നൂർ താലൂക്കിലെ നന്ദിഹള്ളി ഗ്രാമത്തിൽ രണ്ട് ദളിത് കുടുംബങ്ങളുടെ വീടുകൾക്ക് തീയിട്ടു. ഇരു വീടുകളിലുമായി ഉറങ്ങുകയായിരുന്ന 12 കുടുംബാംഗങ്ങൾ പുക ഉയരുന്നത് കണ്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇവർ വിവിധ ഗ്രാമങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോൾ.
ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ ദലിത് കോളനിയിലൂടെ ഗ്രാമമേളയുടെ ഭാഗമായി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് പ്രശ്‌നം ആരംഭിച്ചതെന്ന് പറയുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട ചില യുവാക്കളും കുട്ടികളും ജാഥയിൽ പങ്കെടുത്തിരുന്നു. എന്നാൽ, ദലിതർ ഘോഷയാത്രയിൽ പങ്കെടുത്തതിനെ ഒരു വിഭാഗം ഗ്രാമീണർ എതിർത്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതാണ് വീടിനു തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഷിഗവ്വി ജില്ലയിലാണ് സംഭവം. 1989ലെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിരിക്കയാണെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപവൽകരിച്ചിരിക്കയാണ്. ഉടൻ പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.