മലിനജലം കുടിച്ച് രണ്ടു പേർ മരിച്ചു; സംഭവം കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തിൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ മലിന ജലം കുടിച്ച് രണ്ട് പേർ മരിച്ചു. അവശരായ 45 പേരെ ആശുപത്രിയിലും ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ ലോക്സഭ മണ്ഡലത്തിലെ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്.
ഖഞ്ചാരി പതി ഗ്രാമവാസികളായ പ്രായമായ പുരുഷനും സ്ത്രീയുമാണ് വിദഗ്ധ ചികിത്സക്കായി ആരോഗ്യ വകുപ്പ് സംഘം എത്തുന്നതിന് മുമ്പ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലായ 10 രോഗികളെ ദാമോയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജ്ജലീകരണമുണ്ടായ 35 പേരെ സമീപത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് മാറ്റി.
കിണറ്റിൽ നിന്നുള്ള മലിന ജലം കുടിച്ചതാകാം അക്യൂട്ട് ഗ്യാസ്ട്രോഎൻട്രൈറ്റിസും അനുബന്ധ ലക്ഷണങ്ങളും കാരണമായതെന്ന് ജില്ലാ ആശുപത്രി ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ അപകടനില തരണം ചെയ്തതായും റിപ്പോർട്ട്.
വിദഗ്ധ ഡോക്ടർമാരുടെ സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുകയാണെന്ന് ഡോക്ടർ സചിൻ മലയ്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.