ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ; 'ഡങ്കി' യാത്രയുടെ പേടിപ്പെടുത്തുന്ന ഓർമ പങ്ക് വച്ച് 2 ഗോവക്കാർ
text_fieldsഅമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായി വരുന്ന വിമാനം കാത്ത് അമൃത്സർ വിമാനത്താവളത്തിന് പുറത്ത് നിൽക്കുന്നവർ
പനാജി: "മെക്സിക്കോ-അമേരിക്ക അതിർത്തി കടക്കുമ്പോൾ അക്രമികൾ കത്തി കാട്ടി കൊള്ളയടിച്ചു. മതിൽ ചാടി യുഎസിലേക്ക് കടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ട്രക്കുകൾക്ക് കടന്നു പോകാൻ തുറന്ന് കൊടുത്ത ഗേറ്റിലൂടെ ഓടി കയറാൻ ശ്രമിച്ചു. അതും പരാജയപ്പെട്ടപ്പോൾ യു എസ് അധികൃതർ പിടികൂടികൂടി ക്രൂരമായി മർദിച്ചു." യു എസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച രണ്ട് ഗോവക്കാരുടെ 'ഡങ്കി റൂട്ട്' യാത്രയുടെ ഗോവൻ പൊലീസുമായി പങ്ക് വച്ച പേടിപ്പെടുത്തുന്ന വിവരങ്ങളാണിത്.
ശനിയാഴ്ചയാണ് അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 119 ഇന്ത്യക്കാരോടൊപ്പം ഇരുവരും അമൃത്സറിൽ എത്തിയത്. ഞായറാഴ്ച ഗോവയിലെ ഡബോളിം വിമാനതാവളത്തിൽ എത്തിച്ചേർന്ന ഇരുവരും അധികൃതരോട് നടത്തിയ വെളിപ്പെടുത്തലിലാണ് ദുരനുഭവങ്ങൾ പുറത്ത് വരുന്നത്. ദക്ഷിണ ഗോവയിൽ നിന്നുള്ള രണ്ട് യുവാക്കളും അഭയാർത്ഥിത്വം വഴി യുഎസ് പൗരത്വം വാങ്ങി നൽകാമെന്ന് വാഗ്ദാനം ഏജന്റ് നൽകിയതിനെതുടർന്നാണ് സാഹസത്തിന് ഇറങ്ങി തിരിക്കുന്നത്. മെക്സിക്കോ അതിർത്തിലെത്തിയാൽ ഏജന്റിന്റെ ആളുകൾ കാർഗോ ഷിപ്പിൽ വന്ന് അമേരിക്കയിലേക്ക് കൊണ്ടു പോകുമെന്നാണ് യുവാക്കളെ ധരരിപ്പിച്ചിരുന്നത്.
തട്ടിപ്പിനിരയായ യുവാക്കളിൽ ഒരാൾ 2020 ൽ സിഡിസി കോഴ്സ് പൂർത്തിയാക്കിയ ശേഷം വിദേശത്ത് കപ്പലിൽ ജോലിക്ക് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഗോവയിലെ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്ന സമയത്താണ് വാസ്കോയിൽ വച്ച് അമേരിക്കയിലേക്ക് ജോലി തരപ്പെടുത്തി നൽകുന്ന ഏജൻസി ഉടമയെ കണ്ടുമുട്ടുന്നത്. 15 ലക്ഷം നൽകിയാൽ മൂന്ന് മാസത്തിനുള്ളിൽ അമേരിക്കയിലെ ഒരു ഹോട്ടലിൽ ജോലി തരപ്പെടുത്തി തരാമെന്ന് ഏജൻസി വാഗ്ദാനം ചെയ്തുവെന്ന് യുവാവ് പറയുന്നു. ആദ്യഘട്ടത്തിൽ 10 ലക്ഷവും പാസ്പോർട്ടുൾപ്പെടെയുള്ള രേഖകളും കൈമാറി. ബാക്കി തുക കരാർ പ്രകാരം യുഎസിൽ എത്തുമ്പോൾ നൽകണമെന്നായിരുന്നു വ്യവസ്ഥ.
ഗോവയില്‍ നിന്നുള്ള മറ്റൊരു നാടുകടത്തപ്പെട്ട 23 വയസ്സുകാരന്‍, എക്സ്ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാമിന് അംഗീകാരം ലഭിച്ചവർക്ക് ലഭിക്കുന്ന ജെ1 വിസയ്ക്ക് അപേക്ഷിക്കുകയും ഏജന്റിന് 1.5 ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടതിനെതുടർന്ന് 2024 മെയിൽ അതേ കൺസൾട്ടിന്റിനെ തന്നെ സമീപിച്ചു. 8 ലക്ഷം രൂപ നൽകി വിദേശത്തേക്ക് കടക്കാനാണ് യുവാവ് ശ്രമിച്ചത്. ഇന്ത്യയിൽ തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് അധികൃതരോട് പറഞ്ഞാൽ എളുപ്പത്തതിൽ യുഎസിലേക്ക് കടക്കാൻ അനുവാദം ലഭിക്കുമെന്നാണ് ഏജന്റ് യുവാവിനെ ധരിപ്പിച്ചത്.
ജനുവരി 20 നാണ് ഗോവയിൽ നിന്ന് മുംബൈയിലെത്തിയ ഇരുവരും ഇസ്താംബൂളിലേക്ക് വിമാനം കയറി. അവിടെ നിന്ന് മറ്റൊരു വിമാനത്തിൽ ജനുവരി 22 ന് മെക്സിക്കോയിലെത്തുകയും ഒരു ദിവസം ഹോട്ടലിൽ തങ്ങുകയും ചെയ്തു.അടുത്ത ദിവസം കൺസൾട്ടന്റിന്റെ ആളുകൾ എത്തി അവരെ ടിജുവാന ഗഗരത്തിലേക്ക് കൊണ്ടു പോകുകയും മെക്സിക്കോ അതിർത്തിയിലെ മതിൽ ഏണി ഉപയോഗിച്ച് മറികടക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വിദേശത്ത് പോകാൻ ഉദ്ദേശിക്കുന്ന ഗോവക്കാരോട് നിയമപരമായ മാർഗങ്ങൾ കൃത്യമായി പാലിക്കണമെന്നന്നും ഏജൻസികളുടെയും ഏജന്റുമാരുടെയും വിശ്വാസ്യത ഉറപ്പ് വരുത്തണമെന്നുമാണ് എൻ ആർ ഐ കമ്മീഷണർ നരേന്ദ്ര സവൈക്കർ ആവശ്യപ്പെട്ടിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.