കമൽനാഥിന്‍റെ ഫോൺ ഹാക്ക് ചെയ്ത് നേതാക്കളോട് 10 ലക്ഷം വീതം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥിന്‍റെ ഫോൺ ഹാക്ക് ചെയ്തു. ഫോണിൽ നിന്ന് നാല് കോൺഗ്രസ് നേതാക്കളോട് 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടു. സംഭവത്തിൽ രണ്ട് ഗുജറാത്ത് സ്വദേശികൾ പിടിയിലായി.
സാഗർ സിങ് പർമർ (25), പിന്‍റു പർമർ (28) എന്നിവരാണ് പിടിയിലായത്. കമൽനാഥിന്‍റെ ഫോൺ ഹാക്ക് ചെയ്ത പ്രതികൾ ഫോണിലൂടെ നേതാക്കളെ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് എം.എൽ.എ സതീഷ് സികാർവർ, ട്രഷറർ അശോക് സിങ്, ഇന്ദോർ സിറ്റി കോൺഗ്രസ് പ്രസിഡന്‍റ് സുർജിത് സിങ് ഛദ്ദ, മുൻ ട്രഷറർ ഗോവിന്ദ് ഗോയൽ എന്നിവരെയാണ് തട്ടിപ്പുകാർ വിളിച്ചത്. 10 ലക്ഷം നൽകാൻ കമൽനാഥ് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഇവർ പറഞ്ഞത്.
ഗോവിന്ദ് ഗോയൽ പാർട്ടി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ പണം നൽകാൻ കമൽനാഥ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ, പണം വാങ്ങാൻ മാളവ്യ നഗറിലെ തന്‍റെ ഓഫിസിൽ എത്താൻ തട്ടിപ്പുകാരെ വിളിച്ച് അറിയിച്ചു.
തട്ടിപ്പുകാർ ഗോയലിന്‍റെ ഓഫിസിലെത്തിയതും കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ഇരുവരെയും പിടികൂടി. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.