കോംഗോയിൽ യു.എൻ വിരുദ്ധ പ്രക്ഷോഭം; രണ്ടു ബി.എസ്.എഫ് സൈനികർ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: കോംഗോയിൽ യു.എൻ സമാധാന സേനയുടെ ഭാഗമായ രണ്ടു ബി.എസ്.എഫ് സൈനികർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച യു.എൻ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. ഇതിൽ രണ്ടുപേർ ബി.എസ്.എഫ് സൈനികരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള യു.എൻ ദൗത്യത്തിന്‍റെ ഭാഗമായാണ് ഇവർ കോംഗോയിലെത്തിയത്. പട്ടാള ഭരണത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട കോംഗോ ജനതയെ സംരക്ഷിക്കാൻ യു.എൻ സമാധാന സേനക്ക് കഴിയാതെ വന്നതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭകാരികൾക്കുനേരെ യു.എൻ സമാധാന സേന കണ്ണീർ വാതകം പ്രയോഗിക്കുകയും പലതവണ വെടിയുതിർക്കുകയും ചെയ്തു.
വെടിയേറ്റ് രണ്ടു പ്രക്ഷോഭകാരികളും കൊല്ലപ്പെട്ടു. രണ്ട് ധീരരായ ഇന്ത്യൻ സമാധാന സേനാംഗങ്ങളുടെ നഷ്ടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു. സൈനികളുടെ കുടുംബാംഗങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിൽ രണ്ടാംദിനം നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.