പറക്കലിനിടെ ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ; കൂട്ടിമുട്ടൽ ഒഴിവായി, അന്വേഷണം
text_fieldsന്യൂഡൽഹി: ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ രണ്ട് ഇൻഡിഗോ എയർ വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിമുട്ടലിൽ നിന്ന് ഒഴിവായത് തലനാരിഴക്ക്. ജനുവരി ഒമ്പതിനായിരുന്നു സംഭവം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഓഫിസ് വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വലിയ അപകടം തലനാരിഴക്ക് ഒഴിവായത് ലോഗ്ബുക്കിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എയർപോർട്ട് അതോറിറ്റിയും വിവരമറിയിച്ചിട്ടില്ല. എന്നാൽ, സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.സി.എ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഇൻഡിഗോ എയറുമായും എയർപോർട്ട് അതോറിറ്റിയുമായും പി.ടി.ഐ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.
ഇൻഡിഗോ എയറിന്‍റെ ബംഗളൂരു-കൊൽക്കത്ത വിമാനവും ബംഗളൂരു-ഭുവനേശ്വർ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയതെന്ന് ഡി.ജി.സി.എ വൃത്തങ്ങൾ പറഞ്ഞു. വിമാനങ്ങൾ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധനയാണ് (breach of separation) തെറ്റിച്ചിരിക്കുന്നത്.
ജനുവരി ഒമ്പതിന് രാവിലെ അഞ്ച് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് ഈ രണ്ട് വിമാനങ്ങളും ബംഗളൂരുവിൽ നിന്ന് പറന്നുയർന്നത്. പുറപ്പെട്ടതിന് ശേഷം രണ്ട് വിമാനങ്ങളും നേർക്കുനേർ നീങ്ങുകയായിരുന്നു. റഡാർ കൺട്രോളർ ഈ വിവരം അറിയിക്കുകയും ആകാശത്തു വെച്ചുള്ള കൂട്ടിയിടി ഒഴിവാക്കുകയുമായിരുന്നുവെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.