മണിപ്പൂരിൽ രണ്ട് മെയ്തേയി വിഭാഗക്കാർ കൊല്ലപ്പെട്ട നിലയിൽ, ആറ് പേരെ കാണാതായി
text_fieldsഇംഫാൽ: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ രണ്ട് മെയ്തേയി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തി. ജിരിബാം മേഖലയിൽ ചൊവ്വാഴ്ച രാവിലെയാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആറ് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ജിരിബാം ജില്ലയിലെ ബൊറോബേക്രയിൽ പൊലീസ് സ്റ്റേഷനും സി.ആർ.പി.എഫ് ക്യാമ്പും ആക്രമിച്ച കുക്കി സംഘത്തിലെ 11 പേർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ലയ്ശ്രാം ബാരൽ സിങ് (63), മെയ്ബാം കെശ്വോ സിങ് (71) എന്നിവരെയാണ് ഇന്ന് വീടുകൾക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാണാതായ ആറ് ഗ്രാമീണരെ അക്രമികൾ തട്ടിക്കൊണ്ടുപോയതാണോ അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോയതാണോ എന്ന് വ്യക്തമല്ല.
11 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കുക്കി സോ കൗൺസിൽ മലയോര പ്രദേശങ്ങളിൽ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ആയുധധാരികളായ ഒരുസംഘം കുക്കികൾ ബോറോബേക്ര പൊലീസ് സ്റ്റേഷനും സി.ആർ.പി.എഫ് ക്യാമ്പും ആക്രമിച്ചത്. സി.ആർ.പി.എഫിന്റെ ശക്തമായ തിരിച്ചടിയിൽ 11 പേർ കൊല്ലപ്പെടുകയായിരുന്നു. ഇവരിൽനിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ്.
വൻ ആയുധങ്ങളുമായെത്തിയ കുക്കികൾ ആദ്യം പൊലീസ് സ്റ്റേഷനാണ് ആക്രമിച്ചത്. തുടർന്ന്, പൊലീസ് അക്രമികൾക്കുനേരെ വെടിവെപ്പ് നടത്തി. പിന്നീട് 100 മീറ്റർ അകലെയുള്ള ജകുരാദോർ കരോങ് ചന്തയിലെത്തിയ അക്രമികൾ നിരവധി കടകൾക്ക് തീവെച്ചു. അതിനുശേഷമാണ് സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. സി.ആർ.പി.എഫ് പ്രത്യാക്രമണം നടത്തിയതോടെ ഇരുകൂട്ടരും തമ്മിൽ മുക്കാൽ മണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി.
തിങ്കളാഴ്ച വൈകീട്ട് ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കുന്നിൻമുകളിൽനിന്ന് താഴ്വരയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് തിരിച്ചും വെടിവെപ്പുണ്ടായി. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മണിപ്പൂരിലെ വിവിധ ജില്ലകളിൽ മൂന്ന് ദിവസമായി നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായി അസം റൈഫിൾസ് അറിയിച്ചു. ചുരാചാന്ദ്പൂർ ജില്ലയിലെ ഖൊനോംഫായി ഗ്രാമത്തിൽ നടന്ന തിരച്ചിലിൽ രണ്ട് റൈഫിൾ, രണ്ട് പിസ്റ്റൾ, ആറ് ഒറ്റക്കുഴൽ തോക്ക്, വെടിയുണ്ടകൾ തുടങ്ങിയവ പിടിച്ചെടുത്തു. കാങ്പോക്പി ജില്ലയിൽ നടന്ന റെയ്ഡിൽ രണ്ട് റൈഫിൾ, രണ്ട് ഒറ്റക്കുഴൽ തോക്ക്, രണ്ട് പിസ്റ്റൾ, രണ്ട് മിസൈൽ ലോഞ്ചറുകൾ, വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെടുത്തു. കാക്ചിങ് ജില്ലയിൽ നടത്തിയ തിരച്ചിലിൽ ഒരു റൈഫിൾ, വെടിയുണ്ടകൾ തുടങ്ങിയവ പിടിച്ചെടുത്തു. സൈന്യം, അസം റൈഫിൾ, മണിപ്പൂർ പൊലീസ് എന്നിവ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.