പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം കീടനാശിനി നൽകി കൊലപ്പെടുത്തി
text_fieldsസോനിപ്പത്ത്: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കീടനാശിനി ബലമായി കുടിപ്പിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപ്പത്തിലെ ഗ്രാമത്തിലാണ് നിഷ്ഠൂര സംഭവം നടന്നത്. 14ഉം 16ഉം വയസ്സായ സഹോദരിമാരാണ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 5ന് രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ തൊഴിലാളിയായ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ ബലമായി കീടനാശിനി കുടിപ്പിച്ചു. കുട്ടികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയതോടെ, അവരെ പാമ്പ് കടിച്ചതാണെന്ന് പൊലീസിനോട് പറയണമെന്ന് പ്രതികൾ അമ്മയോട് ആവശ്യപ്പെട്ടു.
നില വഷളായതോടെ കുട്ടികളെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ മരിച്ചതിനുശേഷമാണ് കൊണ്ടുവന്നതെന്ന് ഡോക്ടർ അറിയിച്ചു. രണ്ടാമത്തെ പെൺകുട്ടി ചികിത്സക്കിടെ മരിച്ചു. രണ്ടുപേരെയും പാമ്പ് കടിച്ചുവെന്നാണ് അമ്മ ആശുപത്രി അധികൃതർക്കു നൽകിയ മൊഴി. സത്യം പറഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണി.
സംശയം തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തു. ഇതോടെ സത്യം മുഴുവൻ വെളിപ്പെടുത്തിയ അമ്മ കുഴഞ്ഞുവീണു. ഇതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമവും വിഷബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.