ജമ്മു കശ്മീർ ബി.ജെ.പിയിൽ പൊട്ടിത്തെറി; രണ്ടു പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു
text_fieldsജമ്മു: സ്ഥാനാർഥി നിർണയത്തെ ചൊല്ലി ജമ്മു കശ്മീർ ബി.ജെ.പിയിൽ പൊട്ടിത്തെറി, രണ്ടു പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു. ബി.ജെ.പി സാംബ ജില്ല അധ്യക്ഷൻ കശ്മീർ സിങ്, യുവമോർച്ച ജമ്മു ജില്ല പ്രസിഡന്റ് കനവ് ശർമ എന്നിവരാണ് പാർട്ടി വിട്ടത്.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ എം.എൽ.എ രാജീവ് ശർമയെ ഛംബ് മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. സ്ഥാനാർഥി പട്ടിക പുറത്തുവിടാൻ തുടങ്ങിയ ആഗസ്റ്റ് 26 മുതൽ ജമ്മു കശ്മീർ ബി.ജെ.പിയിൽ പ്രശ്നങ്ങളാണ്. വിമതരെ അനുനയിപ്പിക്കാൻ കേന്ദ്ര മന്ത്രിമാരെ ഉൾപ്പെടെ ബി.ജെ.പി എത്തിച്ചിട്ടും പ്രശ്നങ്ങൾ തുടരുകയാണ്.
രംബൻ, പഡ്ഡർ-നാഗ്സേനി മണ്ഡലങ്ങളിൽ പാർട്ടി വിമതരായ രണ്ടുപേർ ഇതിനകം പത്രിക സമർപ്പിച്ചു. കനത്ത ഹൃദയഭാരത്തോടെയാണ് 42 വർഷമായുള്ള ബി.ജെ.പി ബന്ധം വിഛേദിക്കുന്നതെന്ന് കശ്മീർ സിങ് പറഞ്ഞു. പാർട്ടിയുടെ ആശയങ്ങളെ നിരന്തരം എതിർത്ത, നാഷനൽ കോൺഫറൻസ് വിട്ട് എത്തിയ ആൾക്ക് ടിക്കറ്റ് കൊടുത്തിരിക്കുകയാണ് നാഷനൽ കോൺഫറൻസിൽനിന്ന് 2021ൽ ബി.ജെ.പിയിലെത്തിയ സുർജിത് സിങ് സ്ലാതിയയെ ഉദ്ദേശിച്ച് കശ്മീർ സിങ് പറഞ്ഞു.
സാംബയിലാണ് മുൻ മന്ത്രി കൂടിയായ സുർജിത് സിങ് മത്സരിക്കുന്നത്. അഴിമതിക്കാരനായ ആൾക്ക് ടിക്കറ്റ് കൊടുത്തുവെന്ന് ആരോപിച്ചാണ് കനവ് ശർമ ബി.ജെ.പി വിട്ടത്. ജമ്മു ഈസ്റ്റിൽ യുധ്‍വിർ സേഥിക്ക് ടിക്കറ്റ് കൊടുത്തതാണ് കനവ് ശർമയെ പ്രകോപിപ്പിച്ചത്. ഭാര്യ പ്രിയ സേഥി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് യുധ്‍വീർ വൻ അഴിമതികളാണ് നടത്തിയതെന്ന് കനവ് ആരോപിച്ചു.
ജമ്മു നോർത്ത്, ഈസ്റ്റ്, പഡ്ഡർ, റംബാൻ, ശ്രീ മാത വൈഷ്‍ണോ ദേവി, ഛാംബ്, അഖ്നൂർ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധത്തിലാണ്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.