ഷോപിയാനിൽ ഭീകരാക്രമണം: രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ് തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി വൈകി തീവ്രവാദികൾ ഷോപിയാനിലെ ഹാർമൻ പ്രദേശത്ത് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ കനൗജ് സ്വദേശികളായ രാം സാഗർ, മോനിഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ട തൊഴിലാളികൾ.
ഗ്രനേഡ് എറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അക്രമിയെ പിടികൂടി. ലശ്കറെ -ത്വയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗാനിയാണ് പൊലീസ് പിടയിലായത്. റെയ്ഡുകൾ തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് കുമാർ വ്യക്തമാക്കി.
ശനിയാഴ്ച ഷോപിയാനിലെ ചൗദരി ഗുണ്ട് ഗ്രാമത്തിൽ കശ്മീരി പണ്ഡിറ്റായ പൂരൺ കൃഷൻ ഭട്ടിനെ ഭീകരർ വധിച്ചിരുന്നു. പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഭാഗമായി നടന്ന കൊലപാതകം ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ആക്രമണം ഭയന്ന് 6,000 കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ അഞ്ച് മാസമായി ഓഫീസുകളിൽ ഹാജരാകുന്നില്ല. സുരക്ഷക്കായി തങ്ങളെ ജമ്മുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവർ സമരത്തിലാണ്. തങ്ങളെ മാറ്റാൻ സർക്കാർ തയ്യാറായില്ലെന്നും പണ്ഡിറ്റുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.