കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മലയാളിയടക്കം രണ്ടു സൈനികർക്ക് വീരമൃത്യു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ നുഴഞ്ഞു കയറിയ പാക് ഭീകരരെ തടയുന്നതിനിടെ മലയാളി സൈനികനടക്കം രണ്ടു ജവാൻമാർക്ക് വീരമൃത്യു. കോഴിക്കോട് പൂക്കാട് സ്വദേശി നായിബ് സുബേദാർ ശ്രീജിത്ത് (42), 17ാം മദ്രാസ് റെജിമെൻറിലെ യശ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ച ജവാൻമാർ. സേനാംഗങ്ങളുടെ തിരിച്ചടിയിൽ രണ്ടു പാക് ഭീകരരും കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റതായും സേനാ വക്താവ് പറഞ്ഞു.
രജൗറി ജില്ലയിൽ സുദർബനി സെക്ടറിലെ നിയന്ത്രണ രേഖയിൽ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. നുഴഞ്ഞുകയറ്റമുണ്ടായെന്ന വിവരത്തെ തുടർന്ന് ഇവിടെ വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനയുടെ മുന്നിൽപെട്ട ഭീകരർ വെടിയുതിർത്തു. തിരിച്ചടിച്ച സേന രണ്ടു ഭീകരരെ വീഴ്ത്തി നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞുവെങ്കിലും മൂന്നു സേനാംഗങ്ങൾക്കു വെടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ശ്രീജിത്തും യശ്വന്ത് റെഡ്ഡിയും മരണത്തിനു കീഴടങ്ങി.
പ്രദേശത്ത് കൂടുതൽ സേനാംഗങ്ങളെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നിയന്ത്രണ രേഖയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയതായി സേന വക്താവ് ട്വിറ്ററിൽ കുറിച്ചു.
ഇതിനു പുറമെ, കുൽഗാം, പുൽവാമ ജില്ലകളിൽ സുരക്ഷസേനയുമായുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാലു തീവ്രവാദികളും കൊല്ലപ്പെട്ടു. കുൽഗാമിലെ സൊദറ മേഖലയിൽ പരിശോധനക്കെത്തിയ സേനക്കുനേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സേന തിരിച്ചടിച്ചപ്പോൾ രണ്ടു ലശ്കറെ ത്വയ്യിബ തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമയിലെ പുച്ചലിലാണ് രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടത്.
തിരുവങ്ങൂര്‍ മാക്കാട് വൽസന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ: ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്മയ ലക്ഷ്മി. സഹോദരങ്ങള്‍ : റാണി, അനൂപ്. ചേമഞ്ചേരി പൂക്കാട് പുതുതായി നിർമിച്ച വീട്ടിലാണു താമസം. മാര്‍ച്ച് ആദ്യവാരം നാട്ടില്‍ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.