വർഗീയത നിറഞ്ഞ വിഡിയോക്ക് തിരുത്ത്; ‘ഹിന്ദു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് മുസ്‍ലിമല്ല’
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ യുവാവിനെ പെൺകുട്ടികൾ പൊതുമധ്യത്തിൽ മർദിക്കുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹിന്ദു മത വിശ്വാസിയായ സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മുസ്‍ലിം യുവാവിനെ പൊതുമധ്യത്തിൽ ആക്രമിക്കുന്നു എന്ന വ്യാജേനയാണ് വിഡിയോ പ്രചരിച്ചത്.
നിരവധി പേർ വിദ്യാർഥിനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഹിന്ദു സഹോദരിമാർ ഇപ്പോൾ ജാഗരൂകരാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ചിലർ ട്വിറ്ററിൽ കുറിച്ചത്. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച അബ്ദുൽ എന്ന യുവാവിന് ഹിന്ദു സഹോദരിമാർ നൽകിയ പാഠം എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
എന്നാൽ വസ്തുതയെ വളച്ചൊടിച്ചാണ് വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. 2023 ജൂൺ 24ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച വിജയ് സർകേത് എന്ന യുവാവിനെ പെൺകുട്ടിയും സഹോദരിയും ചേർന്ന് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്. സംഭവത്തിന് പിന്നാലെ കഗഡാപിത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
അഹമ്മാദാബാദിലെ സോൺ 6ൽ കമീഷണറായ മുനിയ അശോക് നൽകിയ വിവരം അനുസരിച്ച് സംഭവം ജൂൺ 22 ന് നടന്നതാണെന്നും വർഗീയമായ അവകാശവാദങ്ങൾ നിലനിൽക്കുന്നില്ലെന്നുമാണ് ദി ക്വിന്‍റ് പുറത്തുവിട്ട റിപ്പോർട്ട്. വിഡിയോയിൽ കാണുന്ന യുവാവ് മുസ്‍ലിം വിഭാഗത്തിൽപെടുന്നയാളല്ലെന്നും ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ജൂൺ 23നാണ് പെൺകുട്ടിയുടെ അമ്മ പ്രതിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തത്. വിജയ് നട്വർഭായ് എന്ന പേരിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ആൾട് ന്യൂസ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മുസ്‍ലിം യുവാവ് ഹിന്ദു സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.