ജമ്മു-കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മരണം മൂന്നായി
text_fieldsശ്രീനഗർ: ജമ്മു -കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സാധാരണക്കാരൻകൂടി കൊല്ലപ്പെട്ടതോടെ മരണം മൂന്നായി. ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ സൈനികരായ ഹവിൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ എന്നിവർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൽ റഷീദ് ദാർ എന്നയാളാണ് ഞായറാഴ്ച മരിച്ചത്.
അനന്ത്നാഗ് ജില്ലയിലെ ഗഗർമൻഡു വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനികരും ലോക്കൽ പൊലീസും ഉൾപ്പെടുന്ന സംയുക്ത സംഘം തിരച്ചിൽ നടത്തുമ്പോൾ ഇവർക്കുനേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. നാല് സൈനികർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടുമുണ്ട്. മേഖലയിൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഭീകരരെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
സമുദ്രനിരപ്പിൽനിന്ന് 10,000 അടിയിലധികം ഉയരത്തിൽ അടിക്കാടുകളും വലിയ പാറക്കല്ലുകളും നിറഞ്ഞ പ്രദേശത്ത് തിരച്ചിൽ ശ്രമകരമാണ്. ജൂലൈ 15ന് ദോഡ ജില്ലയിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികരുടെ മരണത്തിൽ കലാശിച്ച ഏറ്റുമുട്ടലിനുശേഷം സുരക്ഷാസേന കോക്കർനാഗിലെ കാടുകളിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. ദോഡയിൽനിന്ന് രക്ഷപ്പെട്ടവരാണ് അനന്ത്നാഗിൽ എത്തിയതെന്നാണ് സൂചന.
മറ്റൊരു സംഭവത്തിൽ ഞായറാഴ്ച പുലർച്ച ജമ്മു -കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. നൗനറ്റ, നാഗേനി പെയാസ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സൈന്യവും അർധസൈനിക വിഭാഗവും പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. കൂടുതൽ സൈനികരെത്തി ഭീകരരെ പിടികൂടാനുള്ള ദൗത്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.