ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ്
text_fieldsബംഗളൂരു: കൂടുതൽ അപകടകാരിയായ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതിെൻറ ആശങ്കകൾക്കിടെ ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് ഇരുവരെയും രണ്ടു സ്ഥലങ്ങളിലായി ഐസൊലേഷനിലാക്കി. ഒമൈക്രോൺ വകഭേദമാണോ എന്ന് സ്ഥിരീകരിക്കാൻ ഇരുവരുടെയും സാമ്പ്ളുകൾ ജനിതക ശ്രേണീകരണത്തിനായി അയച്ചു. 48 മണിക്കൂറിനുള്ളിൽ ജനിതക ശ്രേണീകരണ പരിശോധന ഫലം ലഭിക്കുമെന്നും അതുവരെ ഇരുവരും രണ്ടിടങ്ങളിലായി ഐസൊലേഷനിലായിരിക്കുമെന്നും ബംഗളൂരു റൂറൽ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു. ജനിതക ശ്രേണീകരണ പരിശോധനഫലം വന്നാലെ ഒമൈക്രോൺ വകഭേദമാണോ എന്ന് സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹൈ റിസ്ക് പട്ടികയിലുള്ള പത്തു രാജ്യങ്ങളിൽനിന്ന് 584 പേരാണ് ഇതുവരെ ബംഗളൂരുവിലെത്തിയത്. ഇതിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് മാത്രം 94 പേരെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ നടപടികളുടെ ഭാഗമായി കെ. ശ്രീനിവാസ് വിമാനത്താവളത്തിലെത്തി പരിശോധന നടപടികൾ വിലയിരുത്തി. ദക്ഷിണാഫ്രിക്കയാണ് പുതിയ ഒമൈക്രോൺ വകഭേദത്തിെൻറ ഉറവിടമെന്നാണ് നിഗമനം. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ യാത്രക്കാരനിലാണ് ജർമനിയിൽ ആദ്യമായി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കൻ പൗരന്മാരായ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കർണാടക ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്. ഇതേ വിമാനത്തിലെത്തിയ മറ്റു യാത്രക്കാരെ ഉൾപ്പെടെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.
ഒമൈക്രോൺ വകഭേദം നിരവധി രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഷ്യൻ രാജ്യങ്ങൾക്ക് േലാകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വ്യാപനശേഷിയുള്ളതായതിനാലാണ് ഒമൈക്രോൺ വകഭേദത്തെ അപകടകാരിയായി കണക്കാക്കുന്നത്.
ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും എത്തുന്നവരെ ബംഗളൂരു വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും പരിശോധന ഫലം പോസിറ്റിവായാൽ സമ്പർക്കവിലക്കിലാക്കുമെന്നും നേരത്തെ ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചിരുന്നു.
പരിശോധന ഫലം നെഗറ്റിവാകുന്നവർ ഒരാഴ്ച വീട്ടുനിരീക്ഷണത്തിൽ തുടർന്നശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.