ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്തതിന് കേസ്; വനിതാ മാധ്യമ പ്രവർത്തകർക്ക് ജാമ്യം
text_fieldsന്യൂഡൽഹി: ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയതിന്‍റെ പേരിൽ കേസിലകപ്പെട്ട വനിത മാധ്യമ പ്രവർത്തകർക്ക് ഗോമതി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ വനിത മാധ്യമ പ്രവർത്തകരായ സമൃദ്ധി ശനുകിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കഴിഞ്ഞ ദിവസം രാത്രി ത്രിപുര ഉനകോട്ടി ജില്ലയിലെ ഫതിക്റോയ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വിശ്വ ഹിന്ദു പരിഷത്ത് പ്രദേശിക നേതാവ് കാഞ്ചൻദാസിന്‍റെ പരാതിയിൽ ക്രിമിനൽ ഗൂഢാലോചന, സമുദായ സൗഹാർദം തകർക്കൽ, സർക്കാറിനെയും വി.എച്ച്.പിയെയും അധിക്ഷേപിച്ചു തുടങ്ങിയ അരോപണങ്ങൾ ഉന്നയിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
സമൃദ്ധി ശനുകിയയുടെ ട്വീറ്റ് ശരിയായതല്ലെന്നും വസ്തുത വിരദ്ധമായ കാര്യങ്ങൾ ഉൾപ്പെട്ടതായും സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നതാണെന്നും പൊലീസ് പത്രകുറിപ്പിൽ പറഞ്ഞു.
അതേസമയം, എയർപോർട്ടിലേക്കുള്ള യാത്രക്കിടെയാണ് പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകനെ ബന്ധപ്പെടൻ പോലും സമ്മതിച്ചില്ലെന്ന് മാധ്യമ പ്രവർത്തകർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമ പ്രവർത്തകരുടെ അറസ്റ്റിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രതിഷേധിക്കുകയും ഇരുവരേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എച്ച.ഡബ്ല്യൂ ന്യൂസ് നെറ്റ് വർക്ക് എന്ന മാധ്യമ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരാണ് സമൃദ്ധി ശനുകിയയും സ്വർണ ഝായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.