ഒടുവില്‍ അരുണാചലില്‍ ബി.ജെ.പി ഭരണം
text_fieldsഇട്ടനഗര്‍: പീപ്ള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍നിന്ന് (പി.പി.എ) രാജിവെച്ച മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം 33 എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ അരുണാചലില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചു. പി.പി.എ സര്‍ക്കാറിനെ നയിച്ച പെമ ഖണ്ഡു തന്നെയാണ് ബി.ജെ.പി സര്‍ക്കാറിനെയും നയിക്കുക. നിയമസഭ സ്പീക്കര്‍ ടെന്‍സിങ് നോര്‍ബു തോങ്ഡോകിന് മുന്നില്‍ പെമ ഖണ്ഡു തന്നെ പിന്തുണക്കുന്ന എം.എല്‍.എമാരെ ഹാജരാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സ്പീക്കര്‍ ഖണ്ഡുവിനോട് നിര്‍ദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ചൗന മേനിനെയും അഞ്ച് എം.എല്‍.എമാരെയും പി.പി.എയില്‍നിന്ന് പുറത്താക്കി തകാം പരിയോയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. എം.എല്‍.എമാര്‍ ഖണ്ഡുവിനൊപ്പം നിന്നതോടെ പി.പി.എ നിസ്സഹായരായി. വികസനരംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത മാറ്റത്തിനാണ് അരുണാചല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ രൂപവത്കരണത്തിനുശേഷം ഖണ്ഡു പറഞ്ഞു. താനടക്കമുള്ള എം.എല്‍.എമാരെ പുറത്താക്കിയ പി.പി.എ നടപടി ജനാധിപത്യവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന വികസന സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കൂറുമാറിയ എം.എല്‍.എമാര്‍ പറഞ്ഞു. വികസനസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പാര്‍ട്ടി നേതൃത്വം വിലങ്ങുതടിയായി. അതിനിടെ, പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി ഹൈജാക് ചെയ്യുകയായിരുന്നുവെന്ന് പി.പി.എ കുറ്റപ്പെടുത്തി. പാര്‍ട്ടിവിരുദ്ധ നടപടിയുടെ പേരില്‍ ശനിയാഴ്ച നാല് എം.എല്‍.എമാരെക്കൂടി പി.പി.എ പുറത്താക്കി. 2003ന് ശേഷം ഇതാദ്യമായാണ് അരുണാചലില്‍ ബി.ജെ.പി അധികാരത്തിലത്തെുന്നത്. അരുണാചല്‍കൂടി പിടിച്ചതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.