വിക്രം ഗൗഡയുടെ കൂട്ടാളികൾക്കായി 20 സായുധ സേനാ സംഘം വനമേഖലയിൽ
text_fieldsമംഗളൂരു: നക്സൽ വിരുദ്ധ സേന വെടിവെച്ചു കൊന്ന നക്സൽ നേതാവ് വിക്രം ഗൗഡയുടെ കൂട്ടാളികളെ കണ്ടെത്താൻ 20 സായുധ പൊലീസ് സേനയെ പശ്ചിമഘട്ട വനമേഖലയിൽ വിന്യസിച്ചു. ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരി, കൊപ്പ, മുഡിഗെരെ, കലസ താലൂക്കുകൾ, ഉഡുപ്പി ജില്ലയിലെ കാർക്കള മേഖല, ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മേഖല എന്നിവിടങ്ങളിലാണ് സേന നക്സലുകളെ തിരയുന്നത്.
ഉഡുപ്പി മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ വിക്രം ഗൗഡയുടെ മൃതദേഹം സഹോദരി സുഗുണയും ബന്ധുക്കളും ഏറ്റുവാങ്ങി. ‘നിങ്ങൾ എന്താണ് കരുതിയത്, അവൻ അനാഥനാണെന്നോ?അവനെ അടക്കാൻ ഞങ്ങൾക്ക് മണ്ണുണ്ട്. ആ തോട്ടത്തിൽ ഞങ്ങളുടെ വീടിനരികെ അവൻ ഉറങ്ങും...’-ആഭ്യന്തര സുരക്ഷ ഐ.ജി ഡി.രൂപ, ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺകുമാർ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരോട് സുഗുണ പറഞ്ഞു.
വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് മറിഞ്ഞു
മംഗളൂരു: നക്സൽ വിരുദ്ധ സേന തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ നക്സൽ നേതാവ് വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് ബുധനാഴ്ച മറിഞ്ഞു.ഉഡുപ്പി മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഹെബ്രിയിലെ വീട്ടിലേക്കുള്ള വഴിയിൽ കുഡ്ലുവിലാണ് അപകടമുണ്ടായത്.
പശുവിനെ ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിൽ മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ആംബുലൻസ് നേരെയാക്കി. ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.