നിരോധനത്തിന് പിന്നാലെ അമ്പല ഭണ്ഡാരങ്ങളിൽ 2000 നോട്ടുകൾ കുമിഞ്ഞുകൂടുന്നു
text_fieldsഹൈദരാബാദ്: നിരോധനത്തിന് പിന്നാലെ അമ്പല ഭണ്ഡാരങ്ങളിൽ 2000 നോട്ടുകൾ കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്. തെലങ്കാനയിൽ നിന്നാണ് ഇത്തരം റിപ്പോർട്ടുകൾ വരുന്നത്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തിൽ അധികൃതർ ഭണ്ഡാരം തുറന്നപ്പോൾ രണ്ട് ലക്ഷം രൂപയുടെ 2,000 നോട്ടുകളാണ് ലഭിച്ചത്. നേരത്തെ, ഭണ്ഡാര സംഭാവനകളിൽ ഒന്നോ രണ്ടോ 2,000 നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
മെയ് 19ന് 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ 2000 രൂപയുടെ നോട്ടുകൾ അധികമായി നിക്ഷേപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016ലെ നോട്ട് അസാധുവാക്കലിനെ തുടർന്നും ഭണ്ഡാരങ്ങളിൽ 500, 1000 രൂപയുടെ നോട്ടുകൾ കുമിഞ്ഞുകൂടിയിരുന്നു. ഭക്തരിൽ നിന്ന് 2000 നോട്ടുകൾ സ്വീകരിക്കാൻ എൻഡോവ്‌മെന്റ് വകുപ്പ് ക്ഷേത്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2000 രൂപയുടെ നോട്ട് നിരോധനത്തിന് ശേഷം കാണിക്കകളിൽ 2,000 നോട്ടുകളുടെ ഗണ്യമായ വർധനയുണ്ടായതായി യാദഗിരിഗുട്ട ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ എൻ ഗീത പറഞ്ഞു. ക്ഷേത്ര കൗണ്ടറുകളിൽ നിന്ന് സേവാ ടിക്കറ്റ്, പൂജാസാമഗ്രികൾ, പ്രസാദം എന്നിവ വാങ്ങുന്ന ഭക്തർ 2000 നോട്ടുകളാണ് ഉപയോഗിക്കുന്നത്. 2,000 നോട്ടുകൾ സ്വീകരിക്കാൻ സെപ്റ്റംബർ അവസാനം വരെ സമയം നൽകിയതിനാൽ ക്ഷേത്രങ്ങളും 2000 രൂപ സ്വീകരിക്കുമെന്നും ഭാരവാഹികൾ പറയുന്നു.
ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലവാട ശ്രീരാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ അധികൃതർ ഇതുവരെ ഹുണ്ടികപ്പണം എണ്ണിയിട്ടില്ല. രണ്ടായിരത്തിന്റെ നോട്ടുകൾ ഗണ്യമായ തോതിൽ ലഭിക്കുന്നുണ്ടെന്ന് ഭദ്രാചലം ക്ഷേത്രം ഇഒ എൽ രാമാദവിയും സ്ഥിരീകരിച്ചു. ക്ഷേത്രത്തിൽ ഭക്തന് കറൻസിയായി നൽകാവുന്ന തുകയ്ക്ക് പരിധിയില്ലെന്നും തുകയ്ക്ക് നികുതി നൽകില്ലെന്നും ഭദ്രകാളി ക്ഷേത്രം ഇഒ കെ എസ് ഭാരതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.