ബെസ്റ്റ് ബേക്കറി കേസിൽ ജൂൺ രണ്ടിന് പ്രത്യേക കോടതി വിധി പറയും
text_fieldsമുംബൈ: വിവാദമായ 2002ലെ ബെസ്റ്റ് ബേക്കറി കേസിൽ വിധി പറയുന്നത് മുംബൈ പ്രത്യേക കോടതി മാറ്റി. കേസിൽ ജൂൺ രണ്ടിന് വിധി പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ആൾക്കൂട്ടം വഡോദരയിലെ ബെസ്റ്റ് ബേക്കറി അഗ്നിക്കിരയാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്.
ഹർഷാദ് റാവ്ജിഭായ് സോളങ്കിയും മഫത് മണിലാൽ ഗോഹിലുമാണ് കേസിലെ പ്രതികൾ. കഴിഞ്ഞ 10 വർഷമായി പ്രതികൾ ജയിലിൽ കഴിയുകയാണ്. 2013 ഡിസംബർ 13നാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
21 പേരെ പ്രതികളാക്കി ബേക്കറി ഉടമയുടെ മകൾ സഹീറ ഷെയ്ഖ് ആണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ, 2003 ജൂണിൽ മുഖ്യ സാക്ഷി അടക്കം കൂറുമാറിയതോടെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഫാസ്റ്റ് ട്രാക് കോടതി മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കി.
വിചാരണ കോടതിയുടെ വിധി ഗുജറാത്ത് ഹൈകോടതി ശരിവച്ചതോടെ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്‍റെ സഹായത്തോടെ സഹീറ ഷെയ്ഖ് സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട കോടതി, വിചാരണ മുംബൈയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. മുംബൈയിലെ പുനർവിചാരണക്കിടെ ഒളിവിൽ കഴിഞ്ഞിരുന്ന സോളങ്കിയും ഗോഹിലും മറ്റ് രണ്ടു പേരും അജ്മീർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായി.
കേസ് അന്വേഷിച്ച ചില ഉദ്യോഗസ്ഥരും മരിച്ചിരുന്നെങ്കിലും സോളങ്കിയുടെയും ഗോഹിലിന്റെയും പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷൻ 10 സാക്ഷികളെ ഹാജരാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിലാണ് ബെസ്റ്റ് ബേക്കറി ബെസ്റ്റ് ബേക്കറി അഗ്നിക്കിരയാക്കുകയും 14 പേരെ ചുട്ടുകൊല്ലുകയും ചെയ്ത ദാരുണ സംഭവം ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.