ഗുജറാത്ത് വംശഹത്യയിൽ ഇനി അന്വേഷണം വേണ്ട; മോദിക്കുള്ള ക്ലീൻചിറ്റ് സുപ്രീം കോടതി ശരിവെച്ചു
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അന്നത്തെ ബി.ജെ.പി സംസ്ഥാന സർക്കാറിലെ 63 ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മോദിക്കും മറ്റ് ഉന്നതർക്കും ക്ലീൻ ചിറ്റ് നൽകി 2012ലെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച മൂന്നംഗ ബെഞ്ച് ഇനി ഒരു പുനരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് കൂട്ടിച്ചേർത്തു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ അരങ്ങേറിയ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ ദാരുണമായി കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരി നൽകിയ ഹരജിയാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. മുൻ സി.ബി.ഐ ഡയറക്ടർ ആർ.കെ. രാഘവന്‍റെ നേതൃത്വത്തിൽ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഉന്നത ഗൂഢാലോചനയുടെ തെളിവുകൾ നിരത്തിയിട്ടും അത് പരിശോധിച്ചില്ലെന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്‍റെ വാദം സുപ്രീംകോടതി തള്ളി.
ഗുജറാത്ത് മേഘാനി നഗറിലെ ഗുൽബർഗ് സൊസൈറ്റിയിൽ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരി അടക്കം 69 പേർ കൊല്ലപ്പെട്ട ഗൂഢാലോചനയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടക്കം ഉന്നതരായ 63 പേർക്ക് കൂടി പങ്കുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നുമായിരുന്നു സകിയ ജാഫരിയുടെ ആവശ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത്തരമൊരു അന്വേഷണം നടത്താൻ ക്രമസമാധാന തകർച്ച ഭരണകൂടം സ്പോൺസർ ചെയ്തതാണെന്ന തിന് വിശ്വസനീയമായ തെളിവ് വേണം. സാഹചര്യം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ട യാദൃച്ഛികമോ ഒറ്റപ്പെട്ടതോ ആയ സംഭവങ്ങൾ പോരാ. അടിയന്തര ഘട്ടങ്ങളിൽ സർക്കാർ സംവിധാനം തകരുന്നത് അജ്ഞാത പ്രതിഭാസമല്ല. കോവിഡ് കാലത്തുണ്ടായത് ഉദാഹരണമാണ്.
ഗുജറാത്ത് വംശഹത്യയിൽ സംസ്ഥാന ഭരണകൂടത്തിന്‍റെ നിസ്സംഗതയോ പരാജയമോ ക്രിമിനൽ ഗൂഢാലോചനക്ക് അടിസ്ഥാനമാക്കാനാവില്ല. അതുകൊണ്ട് മാത്രം ഭരണകൂടം സ്പോൺസർ ചെയ്തതാണെന്നോ മുൻകൂട്ടി നടന്ന ഗൂഢാലോചനയുണ്ട് എന്നോ പറയാനുമാവില്ല. വലിയ ഗൂഢാലോചന അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം സുപ്രീംകോടതി എസ്.ഐ.ടിക്ക് നൽകിയതാണ് അവരത് തള്ളിയതുമാണ്.
ചുരുങ്ങിയ വേളയിൽ ക്രമസമാധാനം തകർന്നത് നിയമവാഴ്ചയുടെ തകർച്ചയോ ഭരണഘടന പ്രതിസന്ധിയോ ആയി കാണാൻ കഴിയില്ല. ഭരണപരാജയവും ക്രമസമാധാനം നിലനിർത്താനാകാത്തതും ഭരണഘടനയുടെ 356ാം അനുഛേദത്തിന് കീഴിൽ നടപടിയെടുക്കേണ്ട ഒന്നല്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകിയതാണ്. നരേന്ദ്ര മോദിക്കെതിരെ സാക്ഷിമൊഴി നൽകിയ ഗുജറാത്തിലെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ.ബി. ശ്രീകുമാർ, ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യ എന്നിവരെ സുപ്രീംകോടതി വിമർശിച്ചു.
കോടതിയുടെ അറിവനുസരിച്ച് കള്ളമായ വെളിപ്പെടുത്തലുകളിലൂടെ പ്രശ്നം വൈകാരികമാക്കാൻ ഗുജറാത്ത് സർക്കാറിലെ അസംതൃപ്തരായ ഉദ്യോഗസ്ഥർ മറ്റുള്ളവരുമായി ഒത്തുചേർന്നുവെന്നാണ് കാണുന്നതെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. അവരുടെ വ്യാജ അവകാശവാദങ്ങളെല്ലാം ശക്തമായ അന്വേഷണത്തിലൂടെ എസ്.ഐ.ടി തുറന്നുകാട്ടിയെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. നിയമപ്രക്രിയ ദുരുപയോഗം ചെയ്തതിൽ പങ്കാളികളായ എല്ലാവരെയും പ്രതിക്കൂട്ടിലാക്കി നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്ന അഭിപ്രായം കൂടി വിധിയിൽ സുപ്രീംകോടതി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.